വേദപുസ്തക അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള വിശ്വാസിയുടെ പ്രതികരണം

0

കാലചക്രങ്ങളുടെ പരിമിതികളില്ലാത്ത സർവ്വവ്യാപിയായ ദൈവം ഈ പ്രപഞ്ച തതിന്റെ സൃഷ്ടിയുടെ ആസൂത്രിത പദ്ധതിയിൽ ഭയങ്കരവും അതിശയതരവുമായി സൃഷ്ടിച്ച സുഷ്ടിയാണ് മനുഷ്യൻ. എന്നാൽ ഈ പ്രപഞ്ചത്തെ അനീതി കൊണ്ട് ഇത്രമേൽ സകീർണ്ണമാക്കിയതും മനുഷ്യൻ തന്നെ. മനുഷ്യന്റെ പരിമിത ബുദ്ധിയ്ക്ക് സങ്കീർണ്ണമായ പല പ്രതിസന്ധികളും ലോകം നേരിട്ടിട്ടുണ്ട്. അതിലൊന്നാണ് നാം ഇപ്പോൾ നേരിടുന്ന കോവിഡ് 19 എന്ന മഹാമാരിയും. എന്നാൽ വേദപുസ്തക അടിസ്ഥാനത്തിൽ മഹാമാരിയോടുള്ള ഒരു വിശ്വാസിയുടെ പ്രതികരണം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് അല്പം ചിന്തിക്കാം.

വിശ്വാസത്തിൻറെ പരിശോധന ഉളവാക്കുന്ന അനേകം പ്രതിസന്ധികൾ വ്യക്തിപരമായി പലരും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും എല്ലാവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത ഒരു മഹാമാരിയാണ് കോവിഡ് 19 .മത്തായി 14 ൽ പത്രോസ് തിരകളുടെ മുകളിലൂടെ ക്രിസ്തുവിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഒരു നിമിഷം തനിക്കുചുറ്റും വീശിയടിക്കുന്ന കാറ്റും ശക്തമായി അലയടിക്കുന്ന തിരമാലയേയും നോക്കിയപ്പോൾ വിശ്വാസത്തിൻറെ അളവ് തികച്ചും ഇല്ലാതാകുകയും കടലിനെ ശാസിച്ച ക്രിസ്തുവിനെ ഒരു നിമിഷത്തേക്ക് അവൻ മറക്കുകയും ചെയ്തു. വിശ്വാസികളായ നമ്മളും പലപ്പോഴും പത്രോസിന്റെ തോണിയിൽ തന്നെ യാത്ര ചെയ്യുന്നവരാണ് .
അനിശ്ചിതത്വത്തിന്റെയും നിരാശയുടെയും തിരമാലകൾ ആഞ്ഞടിക്കുമ്പോൾ നമ്മുടെ നയനങ്ങൾ ക്രിസ്തുവിൽ നിന്ന് വ്യതി ചലിക്കാറുണ്ട്. എന്നാൽ വിശ്വാസത്തിൻറെ നായകനും പൂർത്തി വരുത്തുന്നവനുമായവനിലേയ്ക്ക്
ഏതൊരു വിശ്വാസിയുടെയും ഹൃദയം ചാഞ്ഞിരിക്കട്ടെ .ഏതൊരു പ്രതിസന്ധിയിലും അടിപതറാതെ ,പാതി തളർന്നു പോകാതെ ഓടുവാൻ നമ്മളുടെ ഹൃദയം ഉറച്ച് ഇരിക്കട്ടെ .
ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്ന് നമ്മെ നിരന്തരം ശക്തിപ്പെടുത്തുന്ന അഭയഗോപുരത്തിലേക്ക് ഓരോ വിശ്വാസിയും അഭയം തേടട്ടെ

ഏറ്റവും വലിയ രണ്ട് കല്പനകളിൽ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുകയെന്ന കൽപ്പന ഓരോ വിശ്വാസിയുടെയും ഹൃദയങ്ങളെ ഭരിക്കണം. സാമൂഹിക അകലം പാലിക്കണം എങ്കിലും ഹൃദയം കൊണ്ട് നാം ഉറ്റവരിൽ നിന്ന് അകന്നു പോകാതെ ക്രിസ്തുവിൻറെ സ്നേഹം പ്രവർത്തികളിൽ പ്രതിഫലിപ്പിക്കുവാൻ , അന്യന്റെ ഭാരങ്ങളെ തമ്മിൽ ചുമന്ന് പ്രാർത്ഥിക്കുവാൻ ,ലൗകീകമനുഷ്യർ ഒരു പടി പുറകോട്ട് പോകുമ്പോൾ രണ്ടടി മുന്നോട്ടു നടന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആവശ്യത്തിൽ ഇരിക്കുന്നവരെ സഹായിക്കുവാൻ ക്രിസ്തുവിന്റെ സ്നേഹം ഹൃദയത്തിൽ വഹിക്കുവാൻ ഒരു വിശ്വാസിക്ക് അല്ലാതെ വേറെ ആർക്കാണ് സാധ്യമാവുക?

സഭാപ്രസംഗിയിൽപ്രതിപാദിച്ചിരിക്കുന്നത് പോലെ എല്ലാത്തിനും ഒരു സമയമുണ്ട് ജനിക്കാൻ ഒരു കാലം മരിക്കാൻ ഒരു കാലം.ജനിച്ചിട്ട് ഉണ്ടെങ്കിൽ മരണവും സുനിശ്ചിതമാണ്. ഈ മഹാമാരിയുടെ സമയം മരണ ഭീതിയിലും രോഗ ഭീതിയിലും മനസ്സ് അസ്വസ്ഥമാകരുത്. ക്രിസ്തുവിന്റെ സമാധാനം ഭരിക്കുന്നത് ആയിരിക്കണം ഓരോ വിശ്വാസിയുടെ ഹൃദയം. യോഹന്നാൻ 14:27 ൽ പറഞ്ഞിരിക്കുന്നതുപോലെ എൻറെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത് .നിങ്ങളുടെ ഹൃദയം കലങ്ങരുത് ഭ്രമിക്കുകയും അരുത്. ഒരു നല്ല നീരുറവ പോലെ ആ സമാധാനം നമ്മുടെ ഹൃദയത്തിലേക്ക് ഒഴുകേണ്ടത് നമ്മുടെ മനസ്സ് ഒരു യുദ്ധക്കളം ആകുമ്പോഴാണ്. ആരാധനാലയങ്ങളിലെ വലിയ കൂട്ടത്തിൽ നിന്ന് നാലു ചുവരുകൾക്കുള്ളിൽ മുട്ടുമടക്കി ഇരിക്കുമ്പോഴും ക്രിസ്തുവിന്റെ സമാധാനവും സാമീപ്യവും ഒക്കെ ഒരു വിശ്വാസി തിരിച്ചറിയണം. ഈ ലോക ജീവിതത്തി ന്റെ അനേകം മടങ്ങുകൾ ദൈർഘ്യമുള്ള നിത്യ എന്ന യാഥാർത്ഥ്യം മറ്റുള്ളവരോട് വിളിച്ചോതുന്നത് ആയിരിക്കണം ഓരോ വിശ്വാസിയുടെയും ജീവിതം .
ആരാധനാലയങ്ങളിലെ വലിയ കൂട്ടത്തിൽ നിന്ന് നാലു ചുവരുകൾക്കുള്ളിൽ മുട്ടുമടക്കി ഇരിക്കുമ്പോഴും ക്രിസ്തുവിന്റെ സമാധാനവും സാമീപ്യവും ഒക്കെ ഒരു വിശ്വാസി തിരിച്ചറിയണം. നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത്. ദൈവത്തിൽ വിശ്വസിപ്പിൻ നിങ്ങൾക്കായുള്ള വാസസ്ഥലം ഒരുക്കുവാൻ പോകുന്നു എന്ന് പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകൾ നമ്മുടെ ഹൃദയത്തിന് തണുപ്പേകുന്നത് തന്നെയാണ്.

തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ദൈവവചനങ്ങൾ വളച്ചൊടിച്ച് പൊതുവായി പാലിക്കേണ്ട നിയമങ്ങളെ അന്ധമായി വെല്ലുവിളിക്കുന്നത് ആകരുത് ആത്മീയത. മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തിൽ പിശാച് യേശുവിനെ മരുഭൂമിയിൽ വെച്ച് പരീക്ഷിച്ചപ്പോൾ ദേവാലയത്തിന്റെ അഗ്രത്തിൽ നിർത്തി താഴേക്ക് ചാടുവാൻ പറഞ്ഞപ്പോൾ എടുത്തുപറഞ്ഞ ദൈവവചനം,ദൂതന്മാർ നിൻറെ കാൽ കല്ലിൽ തട്ടാതെ വണ്ണം നിന്നെ കയ്യിൽ താങ്ങി കൊള്ളും ‘എന്നതാണ്. നിൻറെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതിയിരിക്കുന്നു എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു . അതിനാൽ പരിശുദ്ധാത്മാവ് എന്ന ഉപദേശകനാൽ ദൈവവചനം ശോധന ചെയ്യുകയും അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണം.

അതുകൊണ്ട് ക്രിസ്തുവിലുള്ള വിശ്വാസത്തോടെ, പ്രത്യാശയോടെ,
പ്രാർത്ഥനയോടെ ,അന്യോന്യം സ്നേഹത്തോടെ ഈ മഹാമാരിയെ നേരിടുവാൻ ഓരോ വിശ്വാസിക്കും സാധിക്കട്ടെ .

You might also like
WP2Social Auto Publish Powered By : XYZScripts.com