അസ്സീറിയന്‍ ക്രിസ്ത്യാനികളുടെ സംരക്ഷണം ആവശ്യപ്പെടുന്ന പ്രമേയം ഓസ്ട്രേലിയന്‍ ജനപ്രതിനിധിസഭ പാസ്സാക്കി

0

കാന്‍ബറ: ഇറാഖിലെ അസ്സീറിയന്‍ ജനത യഥാര്‍ത്ഥ ഇറാഖി പൗരന്‍മാരും, തദ്ദേശീയരുമാണെന്ന് പ്രഖ്യാപിക്കുന്ന സമഗ്ര പ്രമേയം ഓസ്ട്രേലിയന്‍ ജനപ്രതിനിധിസഭ പാസ്സാക്കി. ‘അസ്സീറിയന്‍ നാഷ്ണല്‍ കൗണ്‍സില്‍ ഓസ്ട്രേലിയ’യുടെ (എ.എന്‍.സി) അഭ്യര്‍ത്ഥന മാനിച്ചാണ് പ്രമേയം പാസ്സാക്കിയത്. അസ്സീറിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഇറാഖി മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാനും, 2016-ല്‍ ഇറാഖി സര്‍ക്കാര്‍ അംഗീകരിച്ചതനുസരിച്ച് നിനവേ താഴ്‌വര ഉള്‍പ്പെടുന്ന മേഖലയെ സ്വയംഭരണാധികാരമുള്ള മേഖലയായി മാറ്റുന്നതിനും, വടക്കന്‍ ഇറാഖില്‍ ആയിരകണക്കിന് അസ്സീറിയക്കാരുടെ പലായനത്തിനു കാരണമായ തുര്‍ക്കിയുടെ സൈനീക ഇടപെടലുകള്‍ ഉടന്‍ അവസാനിപ്പിക്കുവാനും വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

മക്മാഹോന്‍ ജനപ്രതിനിധി ക്രിസ് ബോവന്‍ അവതരിപ്പിച്ച പ്രമേയം യാതൊരു എതിര്‍പ്പും കൂടാതെയാണ് പാസ്സാക്കിയത്. അസ്സീറിയന്‍ നാഷ്ണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മിസ് ഷാഹെന്‍, അസ്സീറിയന്‍ ഓസ്ട്രേലിയന്‍ നാഷ്ണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡേവിഡ് ഡേവിഡ്, സെന്റ്‌ സായാ അസോസിയേഷന്‍ പ്രസിഡന്റ് ക്കന്‍ മൈക്ക് റാഷോ, അസ്സീറിയന്‍ ഖാബുര്‍ അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രമേയം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിരിന്നു. ലോകത്തെ അസ്സീറിയന്‍ ക്രൈസ്തവ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള വിവരണത്തിന് ശേഷമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷമാണ് ഇറാഖിലെ അസ്സീറിയന്‍ ജനതയുടെ ജീവിതം നരകതുല്യമായത്.

You might also like