മതപരിവർത്തനാരോപണം; കർണാടകയിൽ ജയിലിൽ കഴിയുന്ന സുവിശേഷകരുടെ ജാമ്യാപേക്ഷ തള്ളി

0

മദ്ദുർ: ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കിയെന്നാരോപിച്ച് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് സുവിശേഷകരുടെ ജാമ്യാപേക്ഷ മദ്ദൂർ ജെഎംഎഫ്‌സി കോടതി തള്ളി.

മതപരിവർത്തനാരോപണ കേസിലെ സുവിശേഷകരുടെ ജാമ്യാപേക്ഷ തള്ളുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുവിശേഷകരായ ഇ എൻ കുമാർ നാഗേശ, ഇ എൻ വിജയഗൗഡ, കെ.ആർ. ഹേമന്ത് കുമാർ, സുമന്ത്, എസ്.സി.സന്ദീപ്, എന്നിവരാണ് ജയിലിൽ കഴിയുന്നത്. അഭിഭാഷകർ മുഖേന കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും മദ്ദൂർ കോടതി അത്‌ തള്ളുകയായിരുന്നു.

മതാവകാശ നിയമ ബിൽ 2021 അനുസരിച്ച് നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ സുവിശേഷകരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. അറസ്റ്റിലായ സുവിശേഷകർ വിദ്യാർത്ഥികളാണെന്നും സുവിശേഷകർക്കെതിരെ പൊലീസ് വ്യാജ കേസ് ചാർജ് ചെയ്തിരിക്കുന്നു എന്നു അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

സുവിശേഷകരുടെ പ്രവൃത്തി ഭരണഘടനയുടെ നിർദ്ദേശത്തിനും അടിസ്ഥാന ഘടനയായ മതേതരത്വത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ആണെന്ന് ജാമ്യാപേക്ഷയിൽ അസിസ്റ്റന്റ് ഗവൺമെന്റ് ജില്ലാ പ്രോസിക്യൂട്ടർ മധുസൂദൻ എതിർത്ത്‌ വാദിക്കുകയായിരുന്നു. രാജ്യത്ത് മതസ്വാതന്ത്ര്യമുണ്ട് എന്നാൽ നിർബന്ധിത മതപരിവർത്തനത്തിന് അവകാശം ഇല്ല എന്നതിനാൽ, പ്രതികളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും മാത്രമല്ല, വർഗ്ഗീയ സംഘർഷത്തിനും കാരണമാകുമെന്നായിരുന്നും ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി മധുസൂദൻ വാദിച്ചു.

ഇരു കക്ഷികളുടെയും വാദം കേട്ട ജഡ്ജി എൻ.വി കോണപ്പ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത്. നവംബർ 11 നു മദ്ദൂരിലെ അന്നൂർ വില്ലേജിലെ കെഎം ദൊഡ്ഡി പള്ളിയുടെ സമീപത്ത് ലഘുലേഖകൾ വിതരണം ചെയ്തിനെ തുടർന്ന്,‌ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഗ്രാമവാസികൾ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും തുടർന്ന് ദൊഡ്ഡി പോലീസ് സുവിശേഷകർക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.

You might also like