2 ലക്ഷത്തിൽ തുടങ്ങിയ സുഹൃത്തുക്കളുടെ കേക്ക് നിർമാണം, ഇന്നത്തെ വിറ്റുവരവ് 75 കോടി രൂപ!

0

കോവിഡ് ലോക്ഡൗണിന് ശേഷം നാട്ടിൽ എല്ലായിടത്തും വളർന്ന ചെറു സംരംഭങ്ങളായിരുന്നു കേക്കുകൾ. വ്യത്യസ്ത ഡിസൈനിലും രുചികളിലുമായി വീട്ടമ്മമാരുടെ കരവിരുത് നിറഞ്ഞ കേക്കുകൾക്ക് നല്ല പ്രചാരമുണ്ടായി. കോവിഡ് കഴിഞ്ഞ് സാധാരണ നിലയിലേക്ക് ജീവിതം മാറിയതോടെ തിരക്കുകളിൽ പലരും കേക്ക് സംരംഭം ഒഴിവാക്കി. സംരംഭത്തെ ​ഗൗരവത്തോടെ കൊണ്ടു പോയവർക്ക് നല്ല വരുമാനം നൽകുന്നൊരു ബിസിനസ് തന്നെയാണ് ഇന്നും ഈ ചെറു ബേക്കറി ബിസിനസ്.

വാട്സ്ആപ്പ് വഴിയും മറ്റ് ഓൺലൈൻ സൗകര്യങ്ങൾ ഉപയോ​ഗിച്ചും കച്ചവടം പിടിക്കുന്ന ഇന്നത്തെ രീതി 2016 ൽ പയറ്റി കോടികളുടെ വരുമാനമുണ്ടാക്കുന്ന 3 സുഹൃത്തുക്കളുണ്ട്. 2 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച ബേക്കിം​ഗോ ഇന്ന് 11 നഗരങ്ങളിലായി 75 കോടി രൂപയുടെ വരുമാനം നേടുന്ന വമ്പന്‍ സംരംഭമായി മാറി. കേക്ക് മേക്കിം​ഗ് ​ഗൗരവത്തോടെ എടുത്തവർക്ക് പ്രചോദനമാകുന്ന വിജയകഥയാണ് ബേക്കിം​ഗോയുടേത്.

2016 ലാണ് ഡൽഹിയിലെ നേതാജി സുഭാഷ് സർവകലാശലയിൽ നിന്നും പഠിച്ചിറങ്ങിയ 3 സുഹൃത്തുക്കൾ തങ്ങളുടെ ആദ്യ സംരംഭം ആരംഭിക്കുന്നത്. 2006, 2007 കാലത്ത് കോളേജ് പഠനം പൂർത്തിയാക്കിയ സഹപാഠികളായ ഹിമാൻഷു ചൗള, ശ്രേയ് സെഹ്ഗൽ, സുമൻ പത്ര എന്നിവരാണ് സംരഭത്തിന് പിന്നിൽ. കോളേജ് പഠനത്തിന് ശേഷം കോർപ്പറേറ്റ് ജോലിക്കായി ഇറങ്ങി മൂവരും പല ജോലികൾ ചെയ്ത ശേഷമാണ് 2010 ൽ ഫ്‌ലവർ ഔറ എന്ന ബ്രാൻഡിന് തുടക്കമിടുന്നത്. ഓൺലൈൻ സംരംഭങ്ങൾ ചുരുക്കമായിരുന്ന കാലത്ത് എഫ്എ ഗിഫ്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കീഴിലായിരുന്നു പ്രവർത്തനം. ഓൺലൈനായി പൂക്കളും കേക്കും ഗിഫ്റ്റുകളും വില്പന നടത്തുന്ന കമ്പനിയായിരുന്നു ഇത്.

2010 ൽ ​ഗുഡ്​ഗാവ് ആസ്ഥാനമായി കമ്പനി ആരംഭിക്കുമ്പോൾ 2 ലക്ഷമായിരുന്നു കമ്പനിയുടെ മൂലധനം. ജീവനക്കാരനായി ഒരാളെയായിരുന്നു നിയമിച്ചിരുന്നത്. കമ്പനിയുടെ ഓപ്പറേഷനും ഡെലിവറിയും ചെയ്തിരുന്നത് ഈയൊരു ജീവനക്കാരനായിരുന്നു. തുടക്കത്തിൽ തന്നെ, 2010ലെ വാലന്റൈൻസ് ദിനത്തിൽ റേസ് പൂവിന് ലഭിച്ച വലിയ ഓർഡറുകൾ കമ്പനിക്ക് മുതൽകൂട്ടായി. സ്ഥാപരകായ ഹിമാൻഷുവും ശ്രേയും കൂടി ഉൾപ്പെട്ടാണ് ഡെലിവറി പൂർത്തിയാക്കിയത്. ഈ സാഹചര്യത്തിൽ ബിസിനസ് വളർച്ചയുടെ പാതയിലേക്ക് കടന്നപ്പോഴാണ് 2016 ൽ പ്രത്യേക കമ്പനിയായി ബേക്കിംഗോ ആരംഭിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ഒരേ രുചിയിൽ ഒരേ ബ്രാൻഡ് ഫ്രഷ് കേക്കുകൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഈ വിടവ് നികത്തുന്നതിലാണ് ബേക്കിം​ഗോ വിജയം നേടിയെടുക്കുന്നത്. ‘ഇന്ത്യയിലെ ബേക്കറി ബിസിനസ് പരമ്പരാഗതമായി പ്രാദേശികവൽക്കരിച്ചതാണ്, വസ്ത്രശാല പോലെ മികച്ച ഉത്പ്പന്നങ്ങളുണ്ടാകുമെങ്കിലും ബ്രാഞ്ചുകൾ തുടങ്ങുന്നതിലോ വികസിപ്പിക്കുന്നതിലോ വിജയിച്ചു കാണുന്നില്ല,’ ഹിമാൻഷു പറഞ്ഞു. കേക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബേക്കിം​ഗോ ഇന്ന് 11 ന​ഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദ്, ബംഗളൂരു, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളിലും മീററ്റ്, പാനിപ്പത്ത് റോഹ്തക്, കർണാൽ തുടങ്ങിയ ചെറു ന​ഗരങ്ങളിലും ബേക്കിം​ഗോയ്ക്ക് സാന്നിധ്യമുണ്ട്.

ബേക്കിം​ഗോ ഔട്ട്ലേറ്റുകളിൽ 500 ലധികം വ്യത്യസ്ത കേക്കുകളാണ് ലഭ്യമാക്കുന്നത്. രാജ്യത്തെ 11 നഗരങ്ങളിലായി 50 ക്ലൗഡ് കിച്ചണുകളാണ് ഇതിനായി കമ്പനിക്കുള്ളത്. ഗവേഷണ വിഭാഗവും കമ്പനിയുടെ പ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. വിലയുടെ കാര്യത്തിൽ, അരക്കിലോ കേക്കുകൾക്ക് 800 രൂപ മുതലാണ് വില. ഒരു കപ്പ് കേക്കിന് 75-80 രൂപയും ഒരു കഷ്ണം ചീസ് കേക്കിന് 149 രൂപയുമാണ് വില ഈടാക്കുന്നത്.

2016 ആരംഭിച്ച ബേക്കിം​ഗോയ്ക്ക് ഇന്ന് 500 ലധികം ജീവനക്കാരുണ്ട്. കമ്പനി 2022 ൽ ആദ്യ ഓഫ്‍ലൈൻ ഔട്ട്ലേറ്റ് ഡൽഹിയിൽ ആരംഭിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ 75 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. ബേക്കിം​ഗോയുടെ വില്പനയിൽ 30 ശതമാനത്തോളം കമ്പനി വെബ്സൈറ്റിലൂടെയാണ് നടക്കുന്നത്, ബാക്കിയുള്ള 70 ശതമാനം വില്പന ഫുഡ് പോർട്ടലുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലൂടെയാണ് നടക്കുന്നത്.

You might also like