കാത്തിരിപ്പിന് വിരാമം: ഡിസംബർ 1 മുതൽ സ്‌കിൽഡ് വിസക്കാർക്കും വിദ്യാർത്ഥികൾക്കും ഓസ്‌ട്രേലിയയിൽ എത്താം

0

ഡിസംബർ ഒന്ന് മുതൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ സ്‌കിൽഡ് വിസയിലുള്ളവർക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കും ഉൾപ്പെടെയുള്ളവർക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താം.

താത്കാലിക വർക്കിംഗ് ഹോളിഡേ മേക്കേഴ്‌സ്, പ്രൊവിഷണൽ ഫാമിലി വിസക്കാർ എന്നിവർക്കും രാജ്യത്തേക്കെത്താം. ഡിസംബർ ഒന്ന് മുതൽ വിദേശത്ത് നിന്ന് എത്തുന്നവർ ഇളവുകൾക്കായി അപേക്ഷിക്കേണ്ടതില്ല.

താഴെ കൊടുത്തിരിക്കുന്ന സബ്ക്ലാസുകളിൽ ഉള്ളവർക്കാണ് രാജ്യത്തേക്ക് എത്താൻ കഴിയുന്നത്.

Source: Home Affairs

ഇവർ വാക്‌സിനേഷൻ പൂർത്തിയാക്കിയെന്നതിന്റെ തെളിവ് ഹാജരാക്കുകയും, യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപ് പി സി ആർ പരിശോധന നടത്തുകയും ചെയ്യണം. യാത്രക്കാർ ഓരോ സംസ്ഥാനത്തിന്റെയും ടെറിട്ടറിയുടെയും ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ 2020 മാർച്ചിലാണ് ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ചത്. ഇതിന് ശേഷം അടിയന്തര ആവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ ഇളവുകൾ തേടണമെന്നായിരുന്നു നിർദ്ദേശം. ഇതേതുടർന്ന് നിരവധി പേരാണ് വിദേശത്ത് കുടുങ്ങിക്കിടന്നത്.

ഓസ്‌ട്രേലിയയിലെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനം ആകുന്നതോടെ രാജ്യാന്തര അതിർത്തി തുറക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ നേരത്തെ അറിയിച്ചിരുന്നു. ഡിസംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറക്കുന്നതോടെ ഇളവുകൾക്കായി അപേക്ഷിക്കാതെ തന്നെ വിദേശത്ത് നിന്ന് ആളുകൾക്ക് തിരിച്ചെത്താം. ഇതൊരു നിർണായക നാഴികക്കല്ലാണെന്ന് പ്രധാന മന്ത്രി പറഞ്ഞു.

ഇതിന് പുറമെ സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള പൂർണ്ണമായും വാക്സിനേഷൻ എടുത്ത വിനോദസഞ്ചാരികൾക്കും ഡിസംബർ 1 മുതൽ ഓസ്‌ട്രേലിയയിൽ വരാൻ കഴിയും. 16 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 85% ത്തിലധികം ആളുകൾ ഇപ്പോൾ പൂർണ്ണമായി വാക്സിനേഷൻ എടുത്തു എന്ന മഹത്തായ നേട്ടം കൈവരിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്കുകളിലൊന്ന് നേടാനുള്ള പാതയിലാണ് ഇപ്പോൾ ഓസ്‌ട്രേലിയ.

You might also like