പ്രാതല്‍ 9 മണിക്കു മുന്‍പ്; പുട്ടിനൊപ്പം പഴം വേണ്ട, കടല മതി; ദോശയ്‌ക്കൊപ്പം പയര്‍

0

‘പ്രാതല്‍ രാജാവിനെ പോലെ’ എന്നാണ് ചൊല്ല്. ജീവിതശൈലീരോഗങ്ങള്‍ ഇന്ന് ഏവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.
രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വ്വുള്ളതും ആയിരിക്കും.

ഊര്‍ജ്ജത്തിന് ഗ്ലൂക്കോസ്

ഗ്ലൂക്കോസ് ശരീരത്തിന്റെ ഊര്‍ജ്ജസ്രോതസ്സാണ്. ഗ്ലൂക്കോസ് ഏറ്റവും കൂടുതല്‍ ആവശ്യം തലച്ചോറിനാണ്. കഴിക്കുന്ന അന്നജത്തില്‍ നിന്നാണ് ശരീരത്തിന് ഗ്ലൂക്കോസ് ലഭിക്കുന്നത്. ഉറങ്ങുമ്ബോള്‍, ശരീരം കരളിലും പേശികളിലും സൂക്ഷിച്ചുവച്ച ഗ്ലൈക്കോജന്‍, ഗ്ലൂക്കോസ് ആക്കി വിഘടിപ്പിച്ച്‌, ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉല്പാദിപ്പിക്കുന്നു.
മതിയായ പ്രാതല്‍ കഴിക്കാത്ത ഒരാളുടെ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്ബോള്‍, ശരീരത്തില്‍ കൊഴുപ്പ് ഉപയോഗിക്കാന്‍ ശരീരം നിര്‍ബന്ധിതമാകുന്നു. എന്നാല്‍, ഈ ഊര്‍ജ്ജം തലച്ചോറിന്റെ കോശങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കില്ല. ഇത് ആ വ്യക്തിയെ ക്ഷീണിതനും അലസനുമാക്കുന്നു. അതിനാല്‍, പ്രാതല്‍ ചിട്ടയോടെ കഴിക്കേണ്ടത് അനിവാര്യമാണ്.

ഒഴിവാക്കരുത്

ആധുനിക ലോകത്ത് പലരും അവരുടെ ജോലിത്തിരക്ക് കാരണം പ്രാതല്‍ വേണ്ടെന്നുവയ്ക്കുന്നത് ശീലമാക്കിയിരിക്കുന്നു. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. പ്രാതല്‍ കഴിക്കാതിരിക്കുന്നത് തലച്ചോറിനെ പട്ടിണിക്കിടുന്നതിനു തുല്യമാണ്. പ്രത്യകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പ്രാതല്‍ അത്യന്താപേക്ഷിതമാണ്. പ്രാതല്‍ കഴിക്കാത്ത കുട്ടികള്‍ പഠനകാര്യങ്ങളില്‍ പിന്നാക്കം പോകുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടമാകുന്നു എന്നാണ് ഇതിന്റെ പ്രധാന കാരണം.

പ്രാതല്‍ കൃത്യമായി കഴിക്കുന്ന കുട്ടികള്‍ സ്വതവേ ഉണര്‍വും ഉന്‍മേഷവും ഉള്ളവരായിരിക്കും. അതിനാല്‍, കുട്ടികള്‍ പ്രാതല്‍ കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.

ആരോഗ്യകരമായ പ്രാതല്‍

പ്രാതലിന് അന്നജവും പ്രൊട്ടീനും ഉറപ്പാക്കണം. പുട്ട് കഴിക്കുമ്ബൊള്‍ പഴത്തിന് പകരം കടല, ചെറുപയര്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. അപ്പം, ദോശ, ഇഡ്ഡ്‌ലി എന്നിവയ്‌ക്കൊപ്പം പയറുവര്‍ഗ്ഗം കഴിക്കുക.

ആരോഗ്യകരമായ പ്രാതലുകള്‍:
അപ്പം/ഇടിയപ്പം/പത്തിരി-ചെറുപയര്‍/മുട്ട/ഗ്രീന്‍ പീസ് കറി
പുട്ട്-കടല/ചെറുപയര്‍ കറി
ദോശ-സാമ്ബാര്‍/ചമ്മന്തി
വെജ്. ഉപ്പുമാവ്-മുട്ട പുഴുങിയത്/കറി

പ്രാതല്‍ രാവിലെ 9 മണിക്ക് മുന്നെ കഴിക്കാന്‍ ശ്രമിക്കുക.

ഭക്ഷണം നന്നായാല്‍

ചിട്ടയായ ഭക്ഷണക്രമം (ഡയറ്റ്) ശീലിച്ചാല്‍, പലവിധ ജീവിതശൈലീരോഗങ്ങളെയും അകറ്റിനിറുത്താന്‍ സാധിക്കും. ഇത് ഹൃദയത്തെയും വൃക്കകളെയും കരളിനെയും ആരോഗ്യമുള്ളതാക്കുന്നു. ജീവിതത്തിരക്കുകളില്‍ കൂടുതല്‍ പേരും പ്രാതല്‍ ഒഴിവാകുന്നു. പിന്നീടുള്ള സമയങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നു. ഇത് പ്രധാനമായും അമിതവണ്ണത്തിന് കാരണമാകുന്നു. പഠനങ്ങള്‍ പ്രകാരം പ്രാതല്‍ കഴിക്കാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത 79 ശതമാനം വരെ കൂടുതലാണ്.
കേള്‍ക്കുമ്ബോള്‍ നിസ്സാരമെന്ന് തോന്നുന്നുവെങ്കിലും ഡയറ്റിന് ഇന്ന് നമ്മുടെ ജീവിതത്തില്‍ വലിയൊരുപങ്കുണ്ട്. ചിട്ടയായ ഡയറ്റ് വ്യവസ്ഥയുടെ പ്രാധാന്യം മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കേണ്ടത് അനിവാര്യമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പുറമെ ബാഹ്യസൗന്ദര്യം നിര്‍ണ്ണയിക്കുന്നതിലും ഡയറ്റിന് സുപ്രധാന പങ്കുണ്ട്. അതിനാല്‍, ഭക്ഷണത്തില്‍ വിഷരഹിതമായ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കണം.

നുഫ അക്ബര്‍ എ.
ആര്‍ഡി ഇന്റേണ്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ക്ലിനിക്കല്‍
ന്യുട്രിഷന്‍, വിപിഎസ് ലേക് ഷോര്‍
ആശുപത്രി, കൊച്ചി

മഞ്ജു പി. ജോര്‍ജ്ജ്
ചീഫ് ഡയറ്റീഷന്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ക്ലിനിക്കല്‍
ന്യുട്രിഷന്‍, വിപിഎസ് ലേക് ഷോര്‍
ആശുപത്രി, കൊച്ചി

You might also like