ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ മീന്‍ വാങ്ങാനിറങ്ങി; മകള്‍ക്കെതിരെ കേസ് എടുത്തതിന് നടുറോഡില്‍ പൊലീസുകാരെ തലങ്ങും വിലങ്ങും അസഭ്യം പറഞ്ഞ് അഭിഭാഷക

0 122

ചെന്നൈ: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച മകള്‍ക്കെതിരെ കേസ് എടുത്തതിന് നടുറോഡില്‍ വച്ച്‌ പൊലീസിനെ അസഭ്യം പറഞ്ഞ അഭിഭാഷകയ്‌ക്കെതിരെ കേസ്. ചെന്നൈ ചെത്‌പേട്ടില്‍ വച്ച്‌ കാറു തടഞ്ഞ ട്രാഫിക് പൊലീസുകാരെയാണ് അഭിഭാഷക തൊപ്പി തെറിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തത്.

മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ടതിനാണു നഗരത്തിലെ പ്രമുഖ അഭിഭാഷക പൊലീസിനെതിരെ തട്ടിക്കയറിയത്. ഇന്നലെ രാവിലെയാണു സംഭവങ്ങളുടെ തുടക്കം.

എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അമ്മയായ അഭിഭാഷക തനൂജ കന്തുലയെ വിളിച്ചുവരുത്തി. ആഡംബര കാറില്‍ വന്നിറങ്ങിയ തനൂജ പൊലീസുകാരെ തലങ്ങും വിലങ്ങും അസഭ്യം പറയുകയും തൊപ്പി തെറുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കല്‍, അസഭ്യവര്‍ഷം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. കേസെടുത്തതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയി. ഇതോടെ മകളെയും പ്രതി ചേര്‍ത്തു.

You might also like
WP2Social Auto Publish Powered By : XYZScripts.com