രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ഇന്ന്; കൊവിഡ് പ്രതിരോധത്തിന് വലിയ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ

0

 

 

തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. നികുതി കൂട്ടാതെ ചെലവ് ചുരുക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ബജറ്റിൽ ശ്രമിക്കുക.

കൊവിഡ് പ്രതിരോധത്തിന് വലിയ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. അതിവേഗ റെയിൽപാത,വ്യവസായ ഇടനാഴി എന്നിവ ബജറ്റിൽ ഇടംപിടിക്കും. മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയാകും കെ എൻ ബാലഗോപാൽ അവതരിപ്പിക്കുക.

കൊവിഡ് വ്യാപനത്തോടെ നികുതി- നികുതിയേതര വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവും സംഭവിച്ചു. ശമ്പള പരിഷ്‌കരണ ശുപാർശ നടപ്പാക്കിയതോടെ ചെലവിൽ കൂടുതൽ വർധനയുണ്ടായി. കൊവിഡ് പ്രതിരോധത്തിനും കൂടുതൽ പണം നീക്കിവക്കേണ്ടതുണ്ട്. പ്രതിസന്ധികളെ മറികടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്റെ പ്രധാന മാർഗങ്ങളായ മദ്യവിൽപനയും ലോട്ടറിയും ലോക്ക്ഡൗണിൽ നിലച്ച അവസ്ഥയിലാണ്. ക്ഷേമ പെൻഷനുകൾ, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു. കടബാധ്യത ഉയരുകയും വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കരുതി വെച്ചിരിക്കുന്നത് എന്തെന്ന് ഇന്നറിയാം

You might also like