പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഇന്ന് യാത്രാമൊഴി

0

കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കു (74) കണ്ണീര്‍പ്പൂക്കളാല്‍ വിശ്വാസികള്‍ പ്രണാമം അര്‍പ്പിച്ചു. പരുമല തിരുമേനിയുടെ കബറിടമായ പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനം ഒഴുകിയെത്തി.

കബറടക്ക ശുശ്രൂഷയിലെ 4 ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടോടെ ഭൗതികശരീരം ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലിലേക്കു കൊണ്ടുപോയി.

അര്‍ബുദ ബാധിതനായിരുന്ന ബാവാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കോവിഡ് അനന്തര ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.35നായിരുന്നു വിയോഗം. ആശുപത്രിയിലെ പ്രാര്‍ഥനയ്ക്ക് മലങ്കര അസോസിയഷേ‍ന്‍ അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കുന്ന കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് നേതൃത്വം നല്‍കി.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ സന്ദേശങ്ങളിലൂടെ വേര്‍പാടിലുള്ള ദുഃഖം സഭയെ അറിയിച്ചു.

ഇന്നു രാവിലെ ആറിനു ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലെ കുര്‍ബാനയ്ക്കു ശേഷം എട്ടിന് അരമന വളപ്പിലെ പന്തലിലേക്കു പൊതുദര്‍ശനത്തിനായി ബാവായുടെ ഭൗതിക ശരീരം എത്തിക്കും. വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു മാറ്റും.

തുടര്‍ന്ന് 5 മണിയോടെ ബാവാമാരുടെ കബറിനോടുചേര്‍ന്നു കബറടക്കും. ശുശ്രൂഷകളില്‍ 300 പേര്‍ക്കു പങ്കെടുക്കാന്‍ കലക്ടര്‍ പ്രത്യേക അനുമതി നല്‍കി. പാസ് മുഖേന ഓരോരുത്തര്‍ക്കു വീതമാകും പ്രവേശനം അനുവദിക്കുക. ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

You might also like