ഒരു നൂറ്റാണ്ടിന്റെ ഓര്‍മ്മ: യേശുവിന്റെ തിരുഹൃദയത്തിനു വീണ്ടും സമർപ്പിച്ച് പോളണ്ട്

0

ക്രാക്കോ: തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ ജൂൺ പതിനൊന്നാം തീയതി പോളിഷ് മെത്രാൻ സമിതി പോളണ്ടിനെ യേശുവിന്റെ തിരുഹൃദയത്തിനു വീണ്ടും സമർപ്പിച്ചു. 1921-ല്‍ സേക്രട്ട് ഹാർട്ട് ബസിലിക്ക ദേവാലയത്തില്‍ രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരിന്നു. ഇതിന്റെ നൂറാം വാര്‍ഷികത്തില്‍ ഇതേ ദേവാലയത്തില്‍വെച്ചു തന്നെയാണ് ഇന്നലെ തിരുഹൃദയ പുനര്‍സമര്‍പ്പണവും നടന്നത്. അന്ന് 1921 ജൂൺ മൂന്നിനാണ് പോളണ്ടിലെ സഭാനേതൃത്വം ഈശോയുടെ തിരുഹൃദയത്തിന് രാജ്യം സമർപ്പിച്ചത്. ഇന്നലെ, 389ാമത്‌ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മെത്രാന്മാർ എല്ലാവരും ഇന്നലെ നടന്ന ദേവാലയത്തിലെ ചടങ്ങുകളിൽ സംബന്ധിച്ചു.

ബോൾഷെവിക്കുകൾ രാജ്യതലസ്ഥാനമായ വാർസോ അക്രമിക്കാൻ എത്തിയ നാളുകളിലാണ് പോളിഷ് സഭയുടെ തലവനായിരുന്ന കർദ്ദിനാൾ എഡ്മണ്ട് ഡാൽബർ തിരുഹൃദയ സമർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. 1920ൽ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന വ്ളാഡിമർ ലെനിന്റെ ഉത്തരവ് പ്രകാരം റെഡ് ആർമി പോളണ്ട് തങ്ങളുടെ അധീനതയിലാക്കാൻ ശ്രമം നടത്തി. പോളണ്ട് കീഴടക്കാനായാൽ ജർമ്മനിയിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പോരാളികൾക്ക് സഹായം നേരിട്ട് എത്തിക്കാമെന്ന് ലെനിൽ വിശ്വസിച്ചിരുന്നു. 1920 ജൂലൈ 27നാണ് തിരുഹൃദയത്തിന് രാജ്യത്തെ ആദ്യമായി സമർപ്പിക്കുന്നത്. പോളണ്ടിലെ പ്രശസ്തമായ മരിയൻ തീർഥാടനകേന്ദ്രമായ ജാസ്ന ഗോരയിൽവെച്ചായിരിന്നു സമര്‍പ്പണം.
തിരുഹൃദയത്തോടുള്ള സമർപ്പണം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം പോളണ്ടിന് റെഡ് ആർമിയുടെ മേൽ വിജയം നേടാനായി. ഈ അത്ഭുതകരമായ വിജയം ‘മിറക്കിൾ ഓൺ വിസ്റ്റുല’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1921, 1951, 1976, 2011, 2020 തുടങ്ങിയ വർഷങ്ങളിൽ പുനർ സമർപ്പണവും നടന്നു. പോളിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗഡേക്കിയാണ് സമർപ്പണ ചടങ്ങുകളോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചത്. സമർപ്പണത്തിന് മൂന്ന് ഭാഗങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് ചടങ്ങുകൾക്ക് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗഡേക്കി പറഞ്ഞു.

ഒന്നാമത്തെ ഭാഗത്തിൽ സ്വാതന്ത്ര്യം നൽകിയതിന് യേശുവിന് നന്ദി പറയുകയാണെന്നും രണ്ടാമത്തെ ഭാഗത്തിൽ ചെയ്തു പോയ പാപങ്ങൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും വിവിധ പ്രതിസന്ധികൾക്കിടയിൽ വിശ്വാസവും, സ്നേഹവും ദൃഢമാക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് മൂന്നാം ഭാഗമെന്നും അദ്ദേഹം വിവരിച്ചു. കൊറോണാ വൈറസിനെ തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് നിന്ന് വിശ്വാസികൾക്ക് നൽകിയ ഇളവ് പിൻവലിക്കാനും പോളിസ് മെത്രാൻ സമിതി പ്ലീനറി സമ്മേളനത്തിൽ തീരുമാനിച്ചു. ജൂൺ ഇരുപതാം തീയതി ഉത്തരവ് നിലവിൽ വരും.

You might also like