‘നിയന്ത്രണം വിട്ട’ ചൈനയുടെ റോക്കറ്റ് ഈ ആഴ്ച ഭൂമിയില്‍ പതിച്ചേക്കും

0

വാഷിങ്ടണ്‍: നിയന്ത്രണം വിട്ട് താത്കാലിക ഭ്രമണപഥത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ റോക്കറ്റിനെ കുറിച്ചുള്ള ആശങ്ക നിലയ്ക്കുന്നില്ല .ലോങ് മാര്‍ച്ച്‌-5B റോക്കറ്റിന്റെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ചും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെ സംബന്ധിച്ചുമുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക.

ബാഹ്യനിയന്ത്രണമില്ലാതെയുള്ള ഏറ്റവും ശക്തമായ റോക്കറ്റ് പുനഃപ്രവേശനങ്ങളിലൊന്നായിരിക്കും ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ . അതെ സമയം ഈ വാരാന്ത്യത്തോടെ റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് നിഗമനം.

അതെ സമയം റോക്കറ്റിന്റെ സഞ്ചാരദിശ നിര്‍ണയിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് യുഎസ് പ്രതിരോധവകുപ്പ് വ്യക്തമാക്കി . റോക്കറ്റിന്റെ ഭൗമാന്തരീക്ഷപ്രവേശനം മേയ് എട്ടോടെയായിരിക്കുമെന്നും റോക്കറ്റിന്റെ ഭാരമേറിയ അവശിഷ്ടങ്ങള്‍ ഭൂമിയുടെ ഏതൊക്കെ ഭാഗങ്ങളില്‍ പതിക്കുമെന്ന കാര്യം അവ്യക്തമാണെന്നും യുഎസ് സ്‌പേസ് കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു . റോക്കറ്റിന്റെ പ്രവേശനസ്ഥാനം ഭൗമാന്തരീക്ഷത്തിലെ പ്രവേശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് മാത്രമേ നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളുവെന്നും റോക്കറ്റിന്റെ സഞ്ചാരഗതി മേയ് നാല് മുതല്‍ പിന്തുടരാന്‍ ആരംഭിച്ചതായും സ്‌പേസ് കമാന്‍ഡ് അറിയിച്ചു.

എന്നാല്‍ ഏകദേശം നൂറടിയോളം വലിപ്പമുള്ള വസ്തു 90 മിനിറ്റിലൊരിക്കല്‍ ഭൂമിയെ ചുറ്റിസഞ്ചരിക്കുന്നതായും ന്യൂയോര്‍ക്കിന്റെ വടക്കും ബെയ്ജിങ്ങിലും ന്യൂസിലന്‍ഡിലും ആകാശത്ത് ഈ വസ്തു കാണപ്പെട്ടതായും ബഹിരാകാശനിരീക്ഷണ വെബ്‌സൈറ്റിനെ അടിസ്ഥാനമാക്കി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭൂമിയുടെ എഴുപത് ശതമാനത്തോളം സമുദ്രമായതിനാല്‍ റോക്കറ്റിന്റെ പതനം ജനവാസമേഖലയിലാവാനുള്ള സാധ്യത കുറയ്ക്കുന്നതായി ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസ്റ്റായ ജൊനാഥന്‍ പറയുന്നു. പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ ബാഹ്യനിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ജൊനാഥന്റെ വിലയിരുത്തല്‍ .

You might also like