‘ചങ്കിലെ ചൈന’യുടെ തെമ്മാടിത്തം,നേപ്പാള്‍ അതിര്‍ത്തിയില്‍ വന്‍കൈയേറ്റം!

0

അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളരാനും വികസിക്കാനുമുള്ള അത്യാര്‍ത്തിയാണ് എല്ലാ കാലത്തും ചൈനീസ് ഭരണകൂടത്തിന്റെ മുഖമുദ്ര. തിബത്തിലും ഹോങ്കോംഗിലും ഏറ്റവുമൊടുവില്‍ തായ്‌വാനിലും കണ്ടതും ആ അത്യാര്‍ത്തിയാണ്. ഭൂട്ടാനിലും നേപ്പാളിലും ശ്രീലങ്കയിലും മാലദ്വീപിലുമടക്കം അവര്‍ ഇടമുറപ്പിക്കുന്നതും അതിര്‍ത്തിവ്യാപന തന്ത്രങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ്്. ഇന്ത്യന്‍ മണ്ണു കൈയേറാനുള്ള അവരുടെ ശ്രമങ്ങളാണ് പതിറ്റാണ്ടുകളായി ഇന്ത്യയുമായി അവര്‍ക്കുള്ള  അതിര്‍ത്തി തര്‍ക്കങ്ങളുടെ കാതല്‍. യുദ്ധവും സംഘര്‍ഷങ്ങളുമൊക്കെ കഴിഞ്ഞിട്ടും അവര്‍ നമ്മുടെ രാജ്യത്തേക്ക് കണ്ണുനട്ടിരിക്കുന്നത്, സ്ഥലം കൈയേറുക എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെതാണ്. ഈ സാഹചര്യത്തിലാണ്, ഇന്ന് ബിബിസി പുറത്തുവിട്ട പുതിയ വാര്‍ത്ത ശ്രദ്ധേയമാവുന്നത്. ചൈനയുടെ അത്യാര്‍ത്തിയുടെ മുഖം ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവരികയാണ് ഈ റിപ്പോര്‍ട്ട്. സായുധ സൈന്യത്തെ ഉപയോഗിച്ച് ചൈന നേപ്പാള്‍ അതിര്‍ത്തി കൈയേറുകയും അധികാരം സ്ഥാപിക്കുകയും ചെയ്തതായാണ് പുതിയ വിവരം. നേപ്പാളീസ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.  നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈന കൈയേറ്റം നടത്തുന്നതായി രണ്ടു വര്‍ഷമായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇവയ്‌ക്കൊന്നും നേപ്പാളിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ചൈനയോടുള്ള ഭയവും ആ രാജ്യവുമായുള്ള വാണിജ്യ ബന്ധങ്ങളുമായിരുന്നു അതിനുള്ള പ്രധാന കാരണം. ചൈനയാണെങ്കില്‍, എല്ലാ കാലത്തും ഇക്കാര്യം നിഷേധിക്കുകയുമാണ്. അതിനിടെയാണ് ഇപ്പോഴാദ്യമായി നേപ്പാളീസ് ഭരണകൂടം തന്നെ ചൈനീസ് കൈയേറ്റം സ്ഥിരീകരിക്കുന്നത്. കൈയേറ്റം രൂക്ഷമായെന്ന ഉന്നതതല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബിബിസി ചോര്‍ത്തുകയായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പതിവുപോലെ കാഠ്മണ്ഡുവിലുള്ള ചൈനീസ് എംബസി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. 

You might also like