ഐ‌എസ് തീവ്രവാദികളില്‍ നിന്ന് സുരക്ഷയൊരുക്കിയത് മുസ്ലിം കുടുംബം, ഇപ്പോള്‍ ജീവിക്കുന്നതു അവരോടൊപ്പം: അനുഭവം വിവരിച്ച് ക്രൈസ്തവ വിശ്വാസിയായ മുത്തശ്ശി

0

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശത്തിനിടെ ജീവന്‍ രക്ഷിക്കുവാന്‍ സഹായിച്ച മുസ്ലിം കുടുംബത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് 98 വയസ്സുള്ള ക്രൈസ്തവ വിശ്വാസിയായ മുത്തശ്ശി. കാമില്ല ഹദാദ് എന്ന ക്രൈസ്തവ വിശ്വാസിയായ മുത്തശ്ശിയും  മേരി എന്ന ഒരു സുഹൃത്തും മാത്രം ഒരുമിച്ച് ഉണ്ടായിരുന്ന ദിനങ്ങളിലാണ് ഇറാഖിലെ മൊസൂൾ നഗരത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പ്രവേശിക്കുന്നത്. ഏലിയാസ് അബു അഹമ്മദ് എന്ന ഒരു മുസ്ലിം മതവിശ്വാസി ഇതിനിടയിൽ ഇരുവർക്കും സംരക്ഷണം നൽകാമെന്ന് ഉറപ്പുനൽകി. എലിയാസ് ഐ‌എസ് തീവ്രവാദികളെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ അദ്ദേഹം കാമില തന്റെ മുത്തശ്ശിയാണെന്നും മേരി അമ്മായിയാണെന്നും അവകാശപ്പെട്ടു. ഇതോടെ തീവ്രവാദികള്‍ പിന്മാറി.

ഒരു വർഷം തികയുന്നതിനു മുന്പേ മേരി ആരോഗ്യപരമായ കാരണങ്ങളാൽ മരണമടഞ്ഞു എങ്കിലും കാമില്ല ഇപ്പോഴും ഏലിയാസിന്റെ രണ്ടു ഭാര്യമാരോടും, 14 കുട്ടികളോടുമൊപ്പം ജീവിക്കുന്നു. വല്യമ്മ എന്ന നിലയിലാണ് അദ്ദേഹം കാമില്ലയെ തന്റെ കുടുംബത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. തനിക്ക് പുതിയൊരു കുടുംബത്തിൽ സംരക്ഷണം നൽകിയതിന് എല്ലാദിവസവും ജപമാല ചൊല്ലി കാമില്ല ദൈവത്തോട് നന്ദി പറയുന്നു. അബു അഹമ്മദ് സഹായത്തിന് എത്തിയില്ലായിരുന്നെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളെ തുടച്ചുനീക്കുമായിരുന്നുവെന്ന് ഈ മുത്തശ്ശി പറയുന്നു. കുടുംബാംഗങ്ങളെ പോറ്റാനായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഏലിയാസിന് കുറച്ചുനാളുകൾക്കു മുമ്പ് കാമില്ല തന്റെ ഭവനം വിറ്റ് പണം നൽകിയിരിന്നു. ഇക്കഴിഞ്ഞ ജൂൺ നാലാം തീയതി ഇരുവരും ഒരുമിച്ച് ബാഗ്ദാദിൽ കൽദായ സഭയുടെ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോയെ സന്ദർശിച്ചു.

ബാഗ്ദാദിൽ മറ്റൊരു വ്യക്തിയുടെ വീട്ടിലേക്ക് വരാൻ കാമില്ലയെ ക്ഷണിച്ചെങ്കിലും മൊസൂളിൽ തന്നെ ജീവിക്കാനാണ് അവർക്ക് താൽപര്യമെന്ന് പാത്രിയാർക്കീസ് പറഞ്ഞു.1990ൽ മൊസൂളിലെ നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കാമില്ലയെ കണ്ട ഓർമ്മ പാത്രിയാർക്കീസ് സാക്കോയ്ക്ക് ഇപ്പോഴുമുണ്ട്. മാർച്ച് മാസം തുടക്കത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിച്ചപ്പോൾ മുത്തശ്ശിയെ എല്ലായിടത്തും കൊണ്ടുപോയെന്ന് ഏലിയാസ് പറഞ്ഞതായി പാത്രിയാർക്കീസ് വെളിപ്പെടുത്തി. ക്രൈസ്തവരും ഇസ്ലാംമത വിശ്വാസികളും തമ്മിലുള്ള സാഹോദര്യത്തിനും സൗഹൃദത്തിനും വേണ്ടി ഫ്രാന്‍സിസ് പാപ്പ പകരുന്ന പ്രബോധനത്തിന്റെ ഉദാഹരണമായാണ് താൻ കാമില്ലയ്ക്ക് ചെയ്യുന്ന സഹായത്തെ ഏലിയാസ് കാണുന്നത്.

പാപ്പയുടെ വരവിനുശേഷം ഇറാഖിലെ ആളുകളുടെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടായതായി പാത്രിയർക്കീസ് സാക്കോ പറഞ്ഞു. ബാഗ്ദാദിലെ ഒരു ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കാൻ മാർബിൾ വാങ്ങാനായി ഒരു ഷിയാ മുസ്ലീം വ്യാപാരിയെ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നയാൾ സന്ദർശിച്ചപ്പോൾ, അദ്ദേഹം പാപ്പയുടെ സന്ദർശനത്തിനു നന്ദി പ്രകാശിപ്പിച്ച് വിലകുറച്ച് മാർബിൾ തന്ന സംഭവം ഉദാഹരണമായി പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി. ഒരു വശത്ത് തീവ്ര ഇസ്ളാമിക സ്വഭാവമുള്ള ഒരുകൂട്ടം സംഘടിതരാകുമ്പോള്‍ മറുവശത്ത് നന്‍മയുടെയും സ്നേഹത്തിന്റെയും വക്താക്കളായി ഏറെ പേര്‍ നിലകൊള്ളുന്നുവെന്നതിന്റെ ഉദാഹരമായാണ് ഈ സംഭവങ്ങളെ പൊതുവേ നിരീക്ഷിക്കപ്പെടുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com