ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ കുടുംബങ്ങളെ വീടുകൾ കയറി ക്രൂരമായി ആക്രമിച്ചതായി പുതിയ റിപ്പോർട്ട്‌

0

ഇന്ത്യയിലെ ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഒരു ക്രിസ്ത്യൻ സമൂഹത്തെ വാരാന്ത്യത്തിൽ തീവ്ര ഹിന്ദു ദേശീയവാദികളുടെ ഒരു കൂട്ടം ഭവനങ്ങൾ കയറി ക്രൂരമായി ആക്രമിച്ചതായി പുതിയ റിപ്പോർട്ട്‌.

ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേർ ഉൾപ്പെടെ ഒമ്പത് ക്രിസ്ത്യാനികൾക്ക് ഗുരുതരമായി പരിക്കേറ്റു. നവംബർ 6 ശനിയാഴ്ച, ദന്തേവാഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മെറ്റാപാൽ ഗ്രാമത്തിലെ 14 ക്രിസ്ത്യൻ കുടുംബങ്ങളെയാണ്‌ 50 തീവ്ര ഹിന്ദു ദേശീയവാദികളുടെ ജനക്കൂട്ടം ആക്രമിച്ചത്‌.

ജോഗ, ലഖ്മ, മഗ്ദ, സുക്ക എന്നീ നാല് പേരായിരുന്നു ജനക്കൂട്ടത്തെ നയിച്ചതെന്ന് പ്രാദേശിക ക്രിസ്ത്യാനികൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർ വീടുവീടാന്തരം കയറിയിറങ്ങി, മെറ്റാപാൽ ഗ്രാമത്തെ “ക്രിസ്ത്യൻ രഹിത” ഗ്രാമമാക്കണം എന്ന് പറഞ്ഞുകൊണ്ടാണ്‌ അക്രമണങ്ങൾ നടത്തിയത്‌.

മുഷ്ടികളും മരക്കമ്പുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് തീവ്രവാദികൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മെറ്റാപാലിലെ ക്രിസ്ത്യാനികളെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഒമ്പത് ക്രിസ്ത്യാനികൾക്ക് എല്ലുകൾ ഒടിഞ്ഞും, സന്ധികൾ തെറ്റിയും, തലയ്ക്കു ക്ഷതമേറ്റും ഗുരുതരമായി പരിക്കേറ്റു.

“സന്തു എന്ന കൗമാരക്കാരനെ നാല് പേർ ചേർന്ന് ഒരു മൃതദേഹം പോലെയാണ്‌ ആശുപത്രിയിലെത്തിച്ചത്‌,” ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പാസ്റ്റർ സുശീൽ കുമാർ പറഞ്ഞു. “അവന്റെ കാലുകളിലും കൈകളിലും ഒന്നിലധികം ഒടിവുകൾ ഉണ്ട്‌.” ആക്രമണത്തെത്തുടർന്ന് മൊഗാഡി മദ്കാമി, സന്തു മദ്കാമി, ഹിദ്മ പൊടിയാമി എന്നിവരെ ദന്തേവാഡ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

അക്രമിസംഘത്തിലെ 15 പേർക്കെതിരെ പോലീസ് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ നമ്പർ 22/2021) രജിസ്റ്റർ ചെയ്തിട്ടുണ്ട്; എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

“ക്രിസ്ത്യാനിത്വം ആചരിക്കുന്ന ആളുകൾക്കെതിരെ ഗ്രാമത്തിൽ കടുത്ത എതിർപ്പുണ്ട്,” പാസ്റ്റർ കുമാർ വിശദീകരിച്ചു. “ഈ ക്രിസ്ത്യാനികളെ മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണത്തെത്തുടർന്ന് മൂന്ന് കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തിരുന്നു. അവർ പിന്നീട്‌ ഇതുവരെ ഗ്രാമത്തിലേക്ക് മടങ്ങിയിട്ടില്ല.

“ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല,” പേര് വെളിപ്പെടുത്താൻ നിരസിച്ച മറ്റൊരു ക്രിസ്ത്യൻ നേതാവ് പറഞ്ഞു. “സംസ്ഥാനത്തുടനീളമുള്ള ക്രിസ്ത്യാനികൾ മത തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിടുന്നു. ക്രിസ്ത്യാനികൾക്ക് ഹിന്ദുക്കൾക്ക് തുല്യമായ വിശ്വാസം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമില്ല. സർക്കാർ ഞങ്ങളോട് നീതിയോടെയും പക്ഷപാതമില്ലാതെയും പെരുമാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ഇന്ത്യയിലുടനീളം, ക്രിസ്ത്യാനികൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ കൂടുതൽ തീവ്രതയോടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അടുത്തിടെ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം രചിച്ച ഒരു റിപ്പോർട്ട്, 2021-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ 300-ലധികം ആക്രമണങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

2021 ഇന്ത്യയിലെ ക്രിസ്ത്യൻ പീഡനത്തിന്റെ റെക്കോർഡ് ഏറ്റവും മോശമായ വർഷമാകാൻ സാധ്യതയുണ്ടെന്നാണ്‌ സാഹചര്യങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്‌.

മതപരമായ അസഹിഷ്ണുതയും മതപര പ്രേരിതമായ അക്രമവും ഇന്ത്യയിൽ വളരെ സാധാരണമായിരിക്കുന്നു, ഓരോ ആഴ്ചയും ഒന്നിലധികം സംഭവങ്ങളുടെ റിപ്പോർട്ടുകൾ നാം കേൾക്കുന്നുണ്ട്‌. ഈ ആക്രമണത്തിന്റെ കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുക എന്നുള്ളത്‌ അസംഭവ്യമാണ്‌.

You might also like