ഈജിപ്തില്‍ ആദിമ ക്രൈസ്തവ സന്യാസ ജീവിതത്തിലേക്ക് വിരല്‍ചൂണ്ടുന്ന അവശേഷിപ്പുകള്‍ കണ്ടെത്തി

0

കെയ്റോ: എഡി അഞ്ചാം നൂറ്റാണ്ടില്‍ ഈജിപ്തിന്റെ പടിഞ്ഞാറന്‍ മരുപ്രദേശങ്ങളില്‍ നിലനിന്നിരുന്ന ക്രൈസ്തവ സന്യാസ ജീവിതത്തിന്റെ വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ തെളിവുകള്‍ മേഖലയില്‍ ഉദ്ഘനനം നടത്തിക്കൊണ്ടിരുന്ന നോര്‍വേജിയന്‍-ഫ്രഞ്ച് ഗവേഷകസംഘം കണ്ടെത്തി. ബഹാരിയ ഒയാസിസിലെ ക്വാസര്‍-അല്‍-അജൗസിന് തെക്ക് ഭാഗത്തുള്ള താല്‍ ഗനൗബ് മേഖലയില്‍ നിന്നും അഞ്ചാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവ സന്യാസിമാര്‍ താമസിച്ചു വന്നിരുന്ന കല്ലുകൊണ്ടും, മണ്‍ഇഷ്ടികകൊണ്ടും നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷക സംഘം ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഉദ്ഖനന പരമ്പരയിലെ മൂന്നാമത്തെ ഉദ്ഖനനത്തിലാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

മൂന്ന്‍ ദേവാലയങ്ങളും, സന്യാസിമാര്‍ താമസിച്ചിരുന്ന മുറികളും ഉള്‍പ്പെടെ ആറ് ഭാഗങ്ങളുള്ള ഒരു കെട്ടിട സമുച്ചയത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും, സന്യാസിമാരുടെ മുറികളുടെ ഭിത്തികളില്‍ ചുവരെഴുത്തുകളും, അടയാളങ്ങളും കണ്ടെത്തിട്ടുണ്ടെന്നും ഈജിപ്ത് പുരാവസ്തു മന്ത്രാലയത്തിലെ ഇസ്ലാമിക് കോപ്റ്റിക് ആന്‍ഡ്‌ ജ്യൂവിഷ് ആന്റിക്വിറ്റീസ് വിഭാഗം തലവനായ ഒസാമ തലാത്ത് പറഞ്ഞു. പാറ തുരന്നുണ്ടാക്കിയ ദേവാലയം ഉള്‍പ്പെടെ 19 നിര്‍മ്മിതികളുടെ അവശേഷിപ്പുകള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നുവെന്ന് പുരാവസ്തു ദൗത്യത്തിന്റെ തലവനായ വിക്ടര്‍ ഗിക്ക പറഞ്ഞു. ദേവാലയത്തില്‍ ഗ്രീക്ക് ഭാഷയില്‍ ആലേഖനം ചെയ്തിരുന്ന ബൈബിള്‍ വാക്യങ്ങളും മതപരമായ ലിഖിതങ്ങളും, അക്കാലത്ത് നിലവിലിരുന്ന ആശ്രമ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണെന്നും, എ.ഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ഈ മേഖലയില്‍ സന്യാസിമാര്‍ താമസിച്ചു വന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ ആദ്യ സന്യാസ സമൂഹത്തിന്റെ രൂപീകരണത്തേക്കുറിച്ചും, കെട്ടിട നിര്‍മ്മാണത്തിലെ പുരോഗതിയെക്കുറിച്ചും അറിയുവാന്‍ കണ്ടെത്തല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഗിക്കാ. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയുടെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഈ മേഖല നാലാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ട് വരെ ഒരു ജനാധിവാസ മേഖലയായിരുന്നുവെന്നും 5-6 നൂറ്റാണ്ടുകളിലായിരിക്കണം ഇവിടത്തെ ജനജീവിതം സജീവമായിരുന്നതെന്നുമാണ് ഗവേഷക ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്ന ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ ആര്‍ക്കിയോളജിയുടെ (ഐ.എഫ്.എ.ഒ) അനുമാനം. 2009-ലും, 2013-ലും നടത്തിയ ഉദ്ഖനനങ്ങളില്‍ വീഞ്ഞ് നിര്‍മ്മിക്കുന്നതിനും, സൂക്ഷിച്ചുവെക്കുന്നതിനും ഉപയോഗിച്ചിരുന്ന ചിലവസ്തുക്കളും, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ കണ്ടെത്തിയിരിന്നു.

You might also like