വിവാദങ്ങൾക്കൊടുവിൽ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ വിവാഹ ശുശ്രൂഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കേരള സ്റ്റേറ്റ്

0

 

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ വിവാഹ ശുശ്രൂഷകൾക്കുള്ള മാർഗനിർദേശങ്ങൾ കേരള സ്റ്റേറ്റ് പുറത്തിറക്കി

കുമ്പനാട്: വിവാഹ ശുശ്രൂഷകളിൽ വിശുദ്ധ വേദപുസ്തകത്തിനും പെന്തെക്കോസ്ത് മൂല്യങ്ങൾക്കും ഒട്ടും ചേരാത്ത ചില പ്രവണതകൾ കണ്ടുവരുന്നതായി ഐ.പി.സി സ്റ്റേറ്റ്
കൗൺസിലിന് ബോദ്ധ്യപ്പെട്ടതിനാൽ മുൻകാലങ്ങളിലും ഇതു സംബന്ധിച്ചുള്ള നിലപാടുകൾ സഭയെ അറിയിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് 04.05.2021 ൽ കൂടിയ
സ്റ്റേറ്റ് കൗൺസിലിന്റെയും എക്സിക്യൂട്ടിവിന്റേയും തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.

1. വിവാഹനിശ്ചയവും വിവാഹവും ഒരു ദിവസം ഒരേ വേദിയിൽനടത്തുവാൻ പാടില്ല.
2. വിവാഹത്തിന് മുമ്പ് എഴുതി തയ്യാറാക്കി കൊണ്ടുവരുന്ന വിവാഹ സർട്ടിഫിക്കറ്റ് വിവാഹവേദിയിൽ വെച്ച് നൽകരുത്.
3. സഭയിൽ നടക്കുന്ന ഒരു വിവാഹവും മറ്റ് സംഘടനകളിൽപെട്ട ഒരു ശുശ്രൂഷകനെകൊണ്ടും നടത്തരുത്. നമ്മുടെ ലോക്കൽ സഭയിലെ വിവാഹ രജിസ്റ്ററിൽ മറ്റ്
പ്രസ്ഥാനങ്ങളിലെ ശുശ്രൂഷകന്മാർ വിവാഹം നടത്തി ഒപ്പിടുന്നത് നിയമപരമായി
തെറ്റാണ്.
4. വിവാഹത്തിന് മുമ്പ് ‘സേവ് ദി ഡേറ്റ്’ എന്ന പേരിൽ പൊതുസ്ഥലങ്ങളിൽ നിയുക്ത വരനും വധുവും സഞ്ചരിക്കുകയും ഫോട്ടോ, വീഡിയോ മുതലായവ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നത് തെറ്റാണ്.
5. വിവാഹ ശുശ്രൂഷ ദൈവസാന്നിദ്ധ്യത്തിൽ നടത്തപ്പെടേണ്ട ശുശ്രൂഷയാണ്. ആകയാൽ ദൈവവചനത്തിന് നിരക്കാത്ത വസ്ത്രധാരണങ്ങൾ പാടുള്ളതല്ല.
6. “സ്ത്രീ തലയിൽ മൂടുപടം ഇടേണം” എന്ന വചനപ്രകാരം മണവാട്ടി തലയിൽ മൂടുപടം ഇടുകയും മാന്യമായ വസ്ത്രം ധരിക്കുകയും മണവാളൻ ക്രിസ്തുവിന് നിഴൽ ആകയാൽ യോഗ്യമായ വസ്ത്രവുമേ ധരിക്കാവൂ.
7. വിവാഹ ശുശ്രൂഷയിലോ വിവാഹശേഷമുള്ള സൽക്കാരങ്ങളിലോ വേദിയിലോ സദസ്സിലോ ദൈവനാമം ദുഷിക്കപ്പെടുന്ന പാശ്ചാത്യ നൃത്തങ്ങളോ സംഗീതങ്ങളോ പാടില്ല.
8. ലോക്കൽ സഭാശുശ്രൂഷകന്മാർ വേദപുസ്തക അടിസ്ഥാനത്തിൽ കുടുംബജീവിതത്തെക്കുറിച്ച്
വിവാഹിതരാകുവാൻ പോകുന്നവർക്ക് ക്ലാസ്സുകൾ എടുത്തിരിക്കണം.
9. പൊതുവിൽ നിന്നും ശുശ്രൂഷയ്ക്ക് ക്ഷണിക്കുന്ന ശുശ്രൂഷകന്മാർ വധൂവരന്മാരുടെ പശ്ചാത്തലം
ലോക്കൽ സഭാ ശുശ്രൂഷകന്മാരോട് അന്വേഷിച്ചിരിക്കണം.
10. മുകളിൽ പ്രസ്താവിക്കപ്പെട്ട വിഷയങ്ങൾ സഭാ ശുശ്രൂഷകൻ സഭയിൽ കർശനമായി ഉപദേശിക്കുകയും അവരെ ബോധവൽക്കരിക്കയും ചെയ്യേണം.

വിവാഹ മോചനം ദൈവം വെറുക്കുന്ന പാപമാണ്. പെന്തെക്കോസ്തു സമൂഹത്തിൽ വിശേഷാൽ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിൽ കുടുംബബന്ധങ്ങൾ
തകരാതിരിപ്പാൻ ശുശ്രൂഷകന്മാരും ദൈവജനവും. പ്രത്യേകം ശ്രദ്ധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണം. “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്”. ദൈവത്താൽ സ്ഥാപിതമായ കുടുംബജീവിതത്തോടുള്ള ശത്രുവിന്റെ പോരാട്ടത്തെ ജയിപ്പാൻ ദൈവവചനം അനുസരിക്കുകയും
ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം എന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി സഭയെ അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി.

You might also like