ആരാധനാലയങ്ങൾ അടുത്ത ആഴ്ച തുറന്നേക്കും?

0

 

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ അടുത്തയാഴ്ച തുറന്നേക്കുമെന്ന് സൂചന. ഏറ്റവും നല്ല സാഹചര്യം വരുന്‌പോള്‍ ആരാധനാലയങ്ങള്‍ ഏറ്റവും ആദ്യം തന്നെ തുറക്കുമെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ചകള്‍ തോറും അവലോകനം നടത്തി ഇളവുകള്‍ നല്‍കുമെന്നാണു ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ തീരുമാനിച്ചത്. ഓരോ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു പരിശോധിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അടുത്ത ബുധനാഴ്ചയോടെ ആരാധനാലയങ്ങളില്‍ പരിമിതമായ തോതില്‍ ആരാധനയ്ക്കുള്ള അനുമതി നല്‍കുമെന്നാണു സൂചന. ഇക്കാര്യം ചൊവ്വാഴ്ചയോടെ തീരുമാനിച്ചാല്‍ മതിയാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവു രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇളവു നല്‍കാനാകുമെന്നാണു പ്രതീക്ഷ. മൂന്നു ദിവസത്തെ ശരാശരി ടിപിആര്‍ 11.5 ശതമാനമാണ്. ഇന്നലെ ആകട്ടെ 10.22 ശതമാനവും. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ അടുത്ത നാലോ അഞ്ചോ ദിവസം കൊണ്ടു ടിപിആറില്‍ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വിവിധ രാഷ്ട്രീയ, സമുദായ നേതൃത്വങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്നലെ ഈയാവശ്യം ഉന്നയിച്ചിരുന്നു. മദ്യഷാപ്പുകള്‍ തുറന്നപ്പോഴും ആരാധനാലയങ്ങള്‍ അടച്ചിടുന്നതില്‍ എന്തു ന്യായമെന്നാണു സുധാകരന്‍ ചോദിച്ചത്. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം ആലോചിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

You might also like