ബൈബിൾ കാലഘട്ടത്തിലെ നാണയം ജറുസലേമിലെ ദാവീദിന്റെ ഗോപുരത്തിൽ നിന്നും കണ്ടെത്തി

0

രണ്ടാം ജറുസലേം ദേവാലയ കാലഘട്ടത്തിലെ നാണയം ജറുസലേമിലെ ദാവീദിന്റെ ഗോപുരത്തിൽ നിന്നും കണ്ടെത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ യാദൃശ്ചികമായാണ് നാണയങ്ങൾ കണ്ടെത്തിയത്. ടിറിയൻ ഷെക്കൽ എന്ന പേരിലറിയപ്പെടുന്ന നാണയം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജെറുസലേം ദേവാലയത്തിലേക്കുള്ള യാത്രയിൽ തീർത്ഥാടകർ ഉപയോഗിച്ചതായിരിക്കാമെന്നാണ് ഗവേഷകരുടെ പ്രാഥമിക നിരീക്ഷണം. നിലവില്‍ കിട്ടിയിരിക്കുന്ന നാണയങ്ങൾ 1980ൽ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയിരുന്നുവെങ്കിലും പിന്നീടത് കാണാതെ പോകുകയായിരുന്നു. ഇതിനുശേഷം 40 മില്യൺ ഡോളറിന്റെ അറ്റകുറ്റപ്പണികളാണ് ദാവീദിന്റെ ഗോപുരത്തിൽ നടന്നത്. ടയിർ എന്ന പുരാതന നഗരത്തിലാണ് ടിറിയൻ ഷെക്കൽ നിർമ്മിക്കപ്പെടുന്നത്. ഇപ്പോൾ ലെബനോനിലെ നാലാമത്തെ ഏറ്റവും വലിയ നഗരമാണ് ടയിർ.

ബിസി 516 മുതൽ എ‌ഡി 70 വരെയുള്ള കാലഘട്ടത്തെയാണ് രണ്ടാം ദേവാലയ കാലഘട്ടമായി കണക്കാക്കുന്നത്. നാണയത്തിന്റെ ഒരുവശത്ത് ഫിനീഷ്യൻ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന ഒരു ആരാധനാ മൂർത്തിയുടെ രൂപമാണ് ആലേഖനം ചെയ്തിരിക്കുന്നതെന്ന് എലി ഇലാൻ എന്ന മ്യൂസിയം ടൂർ ഗൈഡ് പറഞ്ഞു. ടയിറിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവമായിരുന്ന മെൽകാർട്ടാണ് ഈ ആരാധനാമൂർത്തിയെന്നാണ് ഗവേഷകർ പറയുന്നത്. ദേവാലയത്തിൽ ബലിനൽകാൻ വേണ്ടി തീർത്ഥാടകർ പ്രസ്തുത നാണയമാണ് ഉപയോഗിച്ചിരുന്നതെന്ന് താൽമുദ് ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്ന് എലി ഇലാൻ വെളിപ്പെടുത്തി. നാണയത്തിന്റെ മറുവശത്ത് ഒരു കഴുകന്റെ രൂപമാണ്. നാണയത്തിന്റെ കാലഘട്ടം നിർണയിക്കാൻ ഗവേഷകർക്ക് ഏറ്റവും സഹായകരമായത് ഈ രൂപമാണ്.

You might also like