ഈസ്റ്റര്‍ സ്ഫോടനം: അറസ്റ്റിലായ പാര്‍ലമെന്‍റ് അംഗo, ഇസ്ലാം നേതാവ് 90 ദിവസം കസ്റ്റഡിയില്‍

0

കൊളംബോ: രണ്ടു വര്‍ഷം മുന്‍പ് ലോകത്തെ നടുക്കി ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ദിന സ്‌ഫോടന പരമ്പരക്കേസില്‍ അറസ്റ്റിലായ പാര്‍ലമെന്റ് അംഗവും മുസ്ലിം നേതാവുമായ റിഷാദ് ബതിയുദ്ദീനും സഹോദരന്‍ റിയാജ് ബതിയുദ്ദീനും മൂന്നു മാസം കസ്റ്റഡിയില്‍ തുടരുമെന്നു ശ്രീലങ്കന്‍ പോലീസ്. ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തൊണ്ണൂറു ദിവസം കസ്റ്റഡിയില്‍ തന്നെ കൊണ്ടുപോകാന്‍ പോലീസ് തീരുമാനിച്ചത്. മുൻ വ്യവസായ വാണിജ്യ മന്ത്രിയും പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഭാഗമായ ന്യൂനപക്ഷ മുസ്ലീം പാർട്ടിയുടെ നേതാവുമായ റിഷാദ് ബതിയുദ്ദീനെയും അദ്ദേഹത്തിന്റെ സഹോദരൻ റിയാജിനെയും ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് അതത് വസതികളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌ഫോടനം നടത്തിയ ചാവേറുകള്‍ക്ക് ഇവര്‍ സഹായം നല്കിയെന്നും ഇവരുടെ ടെലിഫോണ്‍ ബന്ധങ്ങള്‍, ബാങ്ക് അക്കൗണ്ടുകൾ, ചെക്ക് ഇടപാടുകൾ എന്നിവയുടെ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും സീനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലും പോലീസ് വക്താവും അജിത് രോഹാന പറഞ്ഞു. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് റിഷാദിന്റെ അഭിഭാഷകരുടെ അവകാശവാദം.

2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനത്തില്‍ 279 പേരുടെ ജീവനാണ് നഷ്ട്ടമായത്. ഇതുമായി ബന്ധമുള്ള 702 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 202 പേരെ റിമാൻഡ് ചെയ്തു. പോലീസിന്റെ സിഐഡി വിഭാഗവും തീവ്രവാദ അന്വേഷണ വിഭാഗവും ചോദ്യം ചെയ്യുന്നതിനായി 83 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിന്നു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളികളാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റും അവകാശപ്പെട്ടിരുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com