ഫേസ്ബുക്കിൽ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്ന് ലോകായുക്ത

0

ഫേസ്ബുക്കിൽ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്ന് ലോകായുക്ത. കെ.ടി ജലീലിന്‍റെ പേരെടുത്തു പറയാതെയായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത പറഞ്ഞു. നിയമഭേദഗതിയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കണ്ടെന്നാണ് തീരുമാനമെന്നും ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ ഹരജി പരിഗണിക്കുന്നതിന് മുമ്പായാണ് ലോകായുക്തയുടെ പരാമർശമുണ്ടായത്. നേരത്തെ ലോകായുക്ത സിറിയക് ജോസഫിനെതിരെ മുന്‍ മന്ത്രി കെ.ടി ജലീല്‍ നിരന്തരം ഫേസ്ബുക്കില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അഭയാ കേസിലെ നാർകോ ടെസ്റ്റ് നടന്ന ലാബിൽ സിറിയക് ജോസഫ് മിന്നൽ പരിശോധന നടത്തിയെന്നും സിറിയക് ജോസഫിന്‍റെ സഹോദരിക്ക് വിസി നിയമനം കിട്ടിയതുമടക്കമുള്ള കാര്യങ്ങളില്‍ ജലീല്‍ വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ലോകായുക്തയുടെ മറുപടിയെന്നുവേണം കരുതാന്‍.

You might also like