കൊവിഡ് കാരണം അനാഥരായ കുട്ടികളെ സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

0

 

 

ദില്ലി: കൊവിഡ് കാരണം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് നല്കിയ നിർദ്ദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നല്കണമെന്നും കോടതി പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 25 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ കൊവിഡ് മൂലം 577 കുട്ടികളാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട പതിനെട്ട് വയസ്സിന് താഴെയുളള ഒമ്പത് കുട്ടികളാണ് കേരളത്തിലുള്ളത്. ഇവരെയെല്ലാം ഇനി സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കൊവിഡ് മാതാപിതാക്കളെ നഷ്ടപ്പെടുത്തിയ 18 വയസ്സിന് താഴെയുളള കുട്ടികൾക്ക് ഒറ്റതവണയായി 3 ലക്ഷം രൂപയും 18 വയസുവരെ പ്രതിമാസം രണ്ടായിരം രൂപയും, ബിരുദ തലം വരെയുളള വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപനം.

You might also like