‘റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ല; അനധികൃത കുരിശുകള്‍ വനംവകുപ്പ് നീക്കണം’; കുരിശ്‌നാട്ടിയുള്ള കൈയേറ്റത്തിനെതിരെ ഹൈക്കോടതി‍

0

കൊച്ചി: റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബോണക്കാട് വനത്തില്‍ സ്ഥാപിച്ച അനധികൃത കുരിശുകള്‍ ഉടന്‍ നീക്കണമെന്നും ഉത്തരവിട്ട് ഹൈക്കോടക്കി. ഒരു മതത്തിലുള്ളവര്‍ക്കും വനത്തില്‍ തീര്‍ഥാടനം നടത്താനുള്ള അനിയന്ത്രിത അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ആരെങ്കിലും വനത്തില്‍ കടന്നു കയറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ വനംവകുപ്പിന് അത് നീക്കാം. അനധികൃത കുരിശുകള്‍ നീക്കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ച്‌ ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി.

കല്ലാര്‍ മൊട്ടമൂട് വനവാസി കോളനിയിലെ സുകുമാരന്‍ കാണിയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ തൊടുപുഴ മുണ്ടമറ്റം വീട്ടില്‍ എം എന്‍ ജയചന്ദ്രനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. വി സജിത്ത് കുമാര്‍, അഡ്വ. ജോസി മാത്യു എന്നിവര്‍ ഹാജരായി. റിസര്‍വ്വ് വനം കൈയേറി കുരിശുകള്‍ സ്ഥാപിക്കുകയും അള്‍ത്താര പണിയുകയും കറിച്ചട്ടിമൊട്ടയെന്ന മേഖലയെ കുരിശുമലയാക്കുകയും ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയും കുരിശുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ഥിച്ചുമാണ് ഹര്‍ജി നല്‍കിയിരുന്നത്.

വനത്തില്‍ കറിച്ചട്ടി മൊട്ടവരെയായി 14 കുരിശുകളാണ് വിതുര ദൈവപരിപാലന പള്ളിയിലെ ഫാ. സെബാസ്റ്റിയന്‍ കണിച്ചിക്കുന്നത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വനം കൈയേറ്റത്തിനും വനംകൈയേറി കുരിശുകളും അള്‍ത്താരയും സ്ഥാപിച്ചതിനും അടക്കം കേസുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

പരിസ്ഥിതി ലോല പ്രദേശമായ അഗസ്ത്യകൂട വനപ്രദേശത്തില്‍പെട്ട കറിച്ചട്ടിമൊട്ടയില്‍ കടന്നു കയറി അനധികൃതമായി കുരിശു സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും, അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കറിച്ചട്ടിമൊട്ടയിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പള്ളി അധികൃതരുടെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചു. 1957 മുതല്‍ തീര്‍ത്ഥാടനം നടത്തി വരികയാണെന്ന പള്ളി ഭാരവാഹികളുടെ അവകാശവാദം വനം വകുപ്പ് തള്ളി. കുരിശുമല എന്നത് മറ്റൊരു സ്വകാര്യ സ്ഥലമാണെന്നും കറിച്ചട്ടിമൊട്ടയെ കുരിശുമല എന്ന് പേരിട്ട് കൈയേറ്റം നടത്താനുള്ള ശ്രമമാണെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി പള്ളി അധികൃതരുടെ ആവശ്യം തള്ളിയത്.

You might also like