നായ കുറുകെ ചാടി; ബൈക്ക്​ കല്‍ക്കെട്ടിലിടിച്ച്‌​ യുവാവിന്​ ദാരുണാന്ത്യം

0

ചെങ്ങന്നൂര്‍: നായ കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് കല്‍ക്കെട്ടില്‍ ഇടിച്ചുമറിഞ്ഞ്​ യുവാവ്​ മരിച്ചു. ചെങ്ങന്നൂര്‍ നൂറ്റവന്‍പാറ വടക്കേ ചരുവില്‍ സജി ഭവനില്‍ എന്‍. സനു മോന്‍ (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ്​ മണിയോടെ തിരുവല്ല – കിഴക്കന്‍മുത്തൂര്‍ റൂട്ടില്‍ മനക്കച്ചിറ ഭാഗത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ്​ ഗുരുതരമായി പരിക്കേറ്റ സനുവിനെ ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സനുവിന്‍റെ ഭാര്യ വീട് കവിയൂരാണ്. അവിടെ ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സനു ചില അവശ്യസാധനങ്ങള്‍ ടൗണില്‍ പോയി വാങ്ങി മടങ്ങിവരുമ്ബോഴായിരുന്നു അപകടം.

ആലപ്പുഴയിലെ സ്വകാര്യ പെയിന്‍റ്​ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. പൊലിസ് മേല്‍നടപടി സ്വീകരിച്ചു. ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ റിട്ട. ജീവനക്കാരന്‍ എന്‍. നാരായണനാണ്​ പിതാവ്​. മാതാവ്: ഇന്ദിര. ഭാര്യ: രേഷ്മ, കവിയൂര്‍ വലിയ കുന്നക്കാട്ടില്‍ കുടുംബാംഗം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍.

You might also like