മരണത്തിലും ഒന്നിച്ചു: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡിന് കീഴടങ്ങി ഇരട്ട സഹോദരങ്ങള്‍

0

മീററ്റ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട വേദനയില്‍ മാതാപിതാക്കള്‍. മീററ്റില്‍ താമസക്കാരായ ഗ്രിഗറി റെയ്മണ്ട് റാഫേല്‍-സോജ ദമ്ബതികളുടെ മക്കളായ ജോഫ്രെഡ് വര്‍ഗീസ് ഗ്രിഗറി, റാല്‍ഫ്രെഡ് ജോര്‍ജ് ഗ്രിഗറി (24) എന്നിവരെയാണ് മണിക്കൂറുകളുടെ ഇടവേളയില്‍ കോവിഡ് കവര്‍ന്നത്. ഏപ്രില്‍ 24 നാണ് സഹോദരങ്ങള്‍ ഇവരുടെ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നതും.

കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന ജോഫ്രെഡ് ഇക്കഴിഞ്ഞ മെയ് 13നാണ് മരിക്കുന്നത്. അതേ ആശുപത്രിയില്‍ തന്നെയായിരുന്നു ഇയാളുടെ ഇരട്ടസഹോദര്‍ റാല്‍ഫ്രെഡും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സഹോദരന്‍ മരിച്ച്‌ പത്തൊന്‍പത് മണിക്കൂറുകള്‍ക്ക് ശേഷം റാല്‍ഫ്രെഡും മരണത്തിന് കീഴടങ്ങി. സഹോദരന്‍റെ മരണവിവരം ഇയാളെ അറിയിച്ചിരുന്നില്ലെങ്കിലും എന്തോ സംഭവിച്ചുവെന്ന് റാല്‍ഫ്രെഡ് മനസിലാക്കിയിരുന്നു ഇക്കാര്യം തങ്ങളോട് പറയുകയും ചെയ്തു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

മൂന്ന് മിനിറ്റിന്‍റെ ഇടവേളയില്‍ ജനിച്ച ഇരട്ട സഹോദരങ്ങള്‍ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച കഠിനാധ്വാനികളായിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ‘ഞങ്ങളുടെ കുടുംബം തകര്‍ന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരാള്‍ക്കു പോലും ദോഷം വരുത്താത്ത എന്‍റെ രണ്ട് മക്കളെയാണ് കോവിഡ് കൊണ്ടു പോയത്’ പിതാവായ റാഫേല്‍ പറയുന്നു.

കോവിഡ് സ്ഥിരീകരിച്ച ഇരുവരും ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ഓക്സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് മെയ് ഒന്നിന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് പത്തിന് ഇരുവരും കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. മൂന്ന് ദിവസത്തിന് ശേഷം ജോഫ്രെഡ് മരിച്ചു. മണിക്കൂറുകളുടെ ഇടവേളയില്‍ തൊട്ടടുത്ത ദിവസം റാല്‍ഫ്രെഡും. തന്‍റെ രണ്ട് മക്കളും തമ്മില്‍ പിരിയാനാകാത്ത തരത്തിലുള്ള ഒരു ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജോഫ്രെഡിന്‍റെ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ അടുത്ത മകനെയും നഷ്ടമാകുമെന്ന ഒരു ചിന്ത തനിക്കു വന്നുവെന്നാണ് ഇവരുടെ പിതാവ് പറയുന്നത്.

You might also like