ദില്ലി ദ്വാരകയിൽ ഭുരഭിമാനക്കൊല; ഭർത്താവിനെ വെടിവച്ചു കൊന്നു, ഭാര്യ ആശുപത്രിയിൽ

0

ദില്ലി: ദില്ലി ദ്വാരകയിൽ ഭുരഭിമാനക്കൊലപാതകം. ആക്രമികളുടെ വെടിയേറ്റ് ഇരുപത്തിമൂന്നുകാരനായ ഭർത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ദ്വാരക ഡിസിപി സന്തോഷ് കുമാർ മീണ അറിയിച്ചു.

ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ദമ്പതികളുടെ വീട്ടിലേക്ക് കടന്ന് കയറി സംഘം വെടിവെക്കുകയായിരുന്നു. ഏഴ് പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിൽ ഭർത്താവ് വിനയ് കൊല്ലപ്പെട്ടു. വിനയ്‍യുടെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെത്തി.

ഭാര്യ കിരൺ ദാഹിയ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവർക്ക് അഞ്ച് തവണ വെടിയേറ്റിട്ടുണ്ട്. ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ വിനയ്‍യും കിരണും കഴിഞ്ഞ വ‌ർഷമാണ് വിവാഹിതരായത്. വീട്ടുകാര്‍ എതിര്‍ത്തതിനാൽ ഇവർ ഒളിച്ചോടുകയായിരുന്നു. തുടർന്ന് ഇവരുടെ ഗ്രാമത്തിൽ നിന്ന് ദ്വാരകയിൽ എത്തി താമസിച്ച് വരികയായിരുന്നു. സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

You might also like