ഹൈക്കമ്മിഷനും ഡ്രോൺ ഭീഷണി; അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ

0

ന്യൂഡൽഹി ∙ ജമ്മു വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന് ഏതാനും മണിക്കൂർ മുൻപ് പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിനു മുകളിലും ഡ്രോൺ എത്തിയതായി വെളിപ്പെടുത്തൽ. ഇസ്‌ലാമാബാദ് കാര്യാലയത്തിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന മേഖലയ്ക്കു മുകളിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി 10.15നാണു 2 തവണ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ 1.40നായിരുന്നു ജമ്മു താവളത്തിൽ ഡ്രോൺ ആക്രമണം. തുടർന്നുള്ള 3 ദിവസങ്ങളിൽ ജമ്മുവിലെ വിവിധ സേനാ താവളങ്ങളെ ലക്ഷ്യമിട്ട് 8 തവണ ഡ്രോണുകൾ പറന്നെത്തി.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഹൈക്കമ്മിഷനിൽ നടത്തുന്ന പരിപാടിയുടെ റിഹേഴ്സൽ നടക്കവേയാണു ഡ്രോൺ കണ്ടത്. ഉടൻ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയ അധികൃതരെ അറിയിച്ചു. റിഹേഴ്സൽ പകർത്തുകയാവാം ലക്ഷ്യമെന്നാണു നിഗമനം.

പാക്കിസ്ഥാനെ ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ച ഇന്ത്യ, ഡ്രോണിനെക്കുറിച്ചു വിശദ അന്വേഷണം നടത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു. നയതന്ത്ര കാര്യാലയത്തിൽ ഡ്രോൺ എത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെ, അതു നിഷേധിച്ചു പാക്കിസ്ഥാൻ രംഗത്തെത്തി.

You might also like