കശ്മീരില്‍ വീണ്ടും ഡ്രോണ്‍: വെടിവെച്ച്‌ ബിഎസ്‌എഫ്, ഡ്രോണ്‍ പാകിസ്താനിലേയ്ക്ക് മടങ്ങി

0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്‌എഫ് വെടിവെച്ചെങ്കിലും ഡ്രോണ്‍ പാകിസ്താന്‍ ഭാഗത്തേയ്ക്ക് മടങ്ങിപ്പോയി.

കഴിഞ്ഞ ദിവസം രാത്രിയാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. അര്‍ണിയ സെക്ടറില്‍ രാത്രി 9.52ഓടെ ഡ്രോണിലെ ചുവന്ന വെളിച്ചം സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതിര്‍ത്തി കടന്ന് 200 മീറ്റര്‍ ഉള്ളില്‍ നിന്നാണ് വെളിച്ചം കണ്ടത്. തുടര്‍ന്ന് ബിഎസ്‌എഫ് സേന ഡ്രോണിനെ ലക്ഷ്യമാക്കി വെടിവെച്ചതോടെ ഓപ്പറേറ്റര്‍മാര്‍ ഇതിനെ പാകിസ്താന്‍ ഭാഗത്തേയ്ക്ക് തന്നെ പിന്‍വലിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജൂണ്‍ 27ന് എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് പദ്ധതിയിടുകയാണ്. ഈ സാഹചര്യത്തില്‍ സാംബ, റംബാന്‍, ബരാമുള്ള, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഡ്രോണുകള്‍ സൂക്ഷിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

You might also like