ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന ജനങ്ങളുടെ തിരിച്ചറിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം; മുഖ്യമന്ത്രി

0

കണ്ണൂര്‍: ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന ജനങ്ങളുടെ തിരിച്ചറിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പവും ജനങ്ങള്‍ സര്‍ക്കാരിനൊപ്പവും നിന്നെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ വിശദീകരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തില്‍ ജനം പൂര്‍ണമായും എല്‍ഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും കഴിഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനമെത്തി. കിഫ്ബിയും ലൈഫും പോലുള്ള പദ്ധതികള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും സ്പര്‍ശിച്ചു.

സാമൂഹിക നീതി ഉറപ്പു വരുത്താന്‍ എല്‍ഡിഎഫിന് സാധിക്കുമെന്ന വിശ്വാസം സാധാരണ ജനങ്ങളിലുണ്ടായി. നിരവധി പ്രശ്‌നങ്ങളില്‍ നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. അവ നേടിയെടുക്കണമെങ്കില്‍ എല്‍ഡിഎഫിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പൊതുബോധം ജനത്തിലുണ്ട്. നാട് നേരിടേണ്ടി വന്ന കെടുതികള്‍ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമം എല്ലാം നാടും നാട്ടുകാരും കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ നടന്നത്. ഇന്നത്തെ വിജയം നാട്ടിലെ ജനത്തിന്റെ വിജയമാണ്. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണ്. രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. ജനം ഇനിയും എല്‍ഡിഎഫിനൊപ്പമുണ്ടെന്നാണ് ജനവിധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like