പ്ലസ് വൺ പരീക്ഷകൾ ജൂൺ 13 മുതൽ 30 വരെ നടത്തും; വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക കർമ പദ്ധതി

0

തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് വൺ മാതൃകാ പരീക്ഷ (Plus one Model Examination) ജൂൺ രണ്ടു മുതൽ ഏഴു വരെയും പൊതു പരീക്ഷ (Public Examination) ജൂൺ 13 മുതൽ 30 വരെയും നടക്കുമെന്നു മന്ത്രി അറിയിച്ചു. ജൂലൈ ഒന്നിന് രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ (second year higher secondary classes) ആരംഭിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക കർമ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമായി ഫയൽ അദാലത്ത് നടത്തും. സംസ്ഥാനതല ഉദ്ഘാടനം മേയ് ഒമ്പതിനു പരീക്ഷാ ഭവനിൽ നടക്കും. എല്ലാ ജില്ലാ ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലും വകുപ്പിന്റെ കേന്ദ്ര ഓഫിസുകളിലും അദാലത്തുകൾ നടത്തും. എയ്ഡഡ് സ്‌കൂളുകളിലെ നിയമന അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സമന്വയ സോഫ്റ്റ്‌വെയർ  പരിഷ്‌കരിക്കും. അംഗീകാരം ലഭിക്കാതെ വർഷങ്ങളായി തീർപ്പാക്കാതെ ഫയലുകൾ സൂക്ഷിക്കുന്നവരോടു വിശദീകരണം തേടും. ജില്ലാതലത്തിൽ പ്രശ്നപരിഹാരമുണ്ടാക്കും. എസ്.എസ്.എൽ.സി. പരീക്ഷാ മാന്വൽ കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ പരിഷ്‌കരിച്ച രീതിയിൽ ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കായി പ്രത്യേക മാന്വൽ തയാറാക്കും. 16 വർഷത്തിനു ശേഷമാണ് പുതിയ മാന്വൽ തയാറാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഇതിന്റെ തുടർ നടപടികൾക്കു ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും സംബന്ധിച്ച സ്‌കൂൾ മാന്വലും തയാറാക്കും. വിദ്യാലയങ്ങളുടെ പ്രവർത്തനം സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കും ഇത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ വിശദമായ ചർച്ച നടത്തിയാകും ഇതിന്റെ അന്തിമ രൂപം തയാറാക്കുക. സ്‌കൂൾ മാന്വലിന്റെ ഭാഗമായി അധ്യാപക – രക്ഷാകർതൃ സംഘടനകളുടെ പ്രവർത്തനമടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശമുണ്ടാകും. സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകൾക്കും ഇതു ബാധമായിരിക്കും.

You might also like