ഈജിപ്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കുചേരാന്‍ മുസ്ലീങ്ങള്‍ക്ക് അനുമതി

0

കെയ്റോ: ഈജിപ്തിലെ ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണത്തിലും പുനരുദ്ധാരണത്തിലും പങ്കെടുക്കുന്നതിനും, സഹകരിക്കുന്നതിനും മുസ്ലീങ്ങള്‍ക്ക് ഭരണകൂടം അനുമതി നല്‍കി. ശമ്പളത്തിനു പകരമായി ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണത്തില്‍ മുസ്ലീങ്ങള്‍ക്ക് പങ്കെടുക്കാം എന്നറിയിച്ചുകൊണ്ട് ജനുവരി 24ന് ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഷോക്കി അല്ലമിന്റെ ‘ഫത്വാ’ (മതപരമായ ഉത്തരവ്) പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. മുസ്ലീം യാഥാസ്ഥിതികവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുള്ള തീരുമാനം മുസ്ലീം-ക്രിസ്ത്യന്‍ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ട് രാജ്യത്ത് സഹവര്‍ത്തിത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്പ്പായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 44 ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിര്‍മ്മാണത്തിലും, ചരിത്രപ്രാധാന്യമുള്ള 16 കോപ്റ്റിക് ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിലും ഇനിമുതല്‍ ഇസ്ലാം മതസ്ഥര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്‍പ് ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണത്തില്‍ ഇസ്ലാം മതസ്ഥര്‍ക്ക് സഹകരിക്കുന്നതോ, പങ്കെടുക്കുന്നതോ നിഷിദ്ധമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഈജിപ്ത് സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

‘ഒരു വലിയ ചുവടുവെയ്പ്പ്’ എന്നാണ് അണ്‍ ചാര്‍ട്ടഡ്’ മിനിസ്ട്രീസിലെ ടോം ഡോയ്ലെ ഈ ഉത്തരവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരു മതങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ഈ തീരുമാനം കാരണമാകുമെന്നും, സുവിശേഷം കൂടുതല്‍ ആളുകളിലേക്ക് ഈ തീരുമാനം അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ‘പാപത്തിലും പകയിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്’ എന്ന ഖുറാന്‍ അനുശാസത്തിനു വിരുദ്ധമായ തീരുമാനമാണിതെന്നും, ക്രൈസ്തവത ‘മത നിന്ദ’ യാണെന്നും പറഞ്ഞുകൊണ്ട് യാഥാസ്ഥിതിക ഇസ്ലാമികവാദികളായ ചിലര്‍ തീരുമാനത്തിനെതിരെ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

അറബ് ഇസ്ലാമിന്റെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന ഈജിപ്തില്‍ വരുവാനിരിക്കുന്ന സമൂലമാറ്റത്തിന്റെ ഒരു സൂചനയായിട്ടാണ് നടപടി വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റ് ‘അല്‍-സിസി’യുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ഭരണകൂടം നിര്‍മ്മിക്കപ്പെട്ടവും, നിര്‍മ്മാണത്തിലിരിക്കുന്നവയുമായ നൂറുകണക്കിന് ദേവാലയങ്ങള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ നിയമപരമായ അംഗീകാരം നല്‍കിയിരുന്നു. ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുന്ന ആയിരകണക്കിന് ദേവാലയങ്ങള്‍ ഇനിയുമുണ്ട്. ഇസ്ലാമിക ഭൂരിപക്ഷരാജ്യമായ ഈജിപ്തിന്റെ 9.5 കോടിയോളം വരുന്ന ജനസംഖ്യയില്‍ 10 ശതമാനം ക്രൈസ്തവരാണ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളാണ് രാജ്യത്തെ ക്രൈസ്തവരിലെ ഭൂരിപക്ഷ സമൂഹവും.

You might also like