സിംഹിയും സിംഹങ്ങളും മുന്തിരിവള്ളിയും

0

യെഹെ. 19:2 “നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.”

രണ്ടു സിംഹങ്ങളുടെ ഉപമയിലൂടെ യഹോവാഹാസ്, യഹോയാഖീൻ എന്നീ രാജാക്കന്മാരുടെ ചരിത്രാവലോകനം (19:1-9), മുന്തിരിവള്ളിയുടെ ഉപമയിലൂടെ യിസ്രായേലിന്റെ ശൂന്യതയുടെ ചിത്രം വരച്ചു കാട്ടുന്നു (19:10-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സാധാരണമായി മരണസമയത്തും, പലപ്പോഴും ദേശം നാശങ്ങൾ നേരിടുമ്പോഴും വിശേഷമായ താളമേളങ്ങളുടെ അകമ്പടിയോടെ ശോകാർത്ഥമായി ഉതിർക്കുന്ന സംഗീതമാണ് വിലാപം. ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കമാകട്ടെ, യിസ്രായേലിന്റെ ഭരണകൂട പരാജയവും അതിന്റെ പ്രതിഫലനങ്ങളും യിസ്രായേലിലുടനീളം വരുത്തി വച്ച കൊടിയ നാശത്തെയും പ്രവാസങ്ങളെയും അസ്പദീകരിച്ചുള്ള ഒരു വിലാപ കവിതയാണ്. അതായത്, യിസ്രായേലിന്റെ മൂന്നു കാലഘട്ടങ്ങളുടെ ചിത്രീകരണം ചിന്തനീയമായ മൂന്ന് ഉപമകളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു ഈ അദ്ധ്യായത്തിൽ. യഹൂദയെ ശക്തന്മാരായ രാജാക്കന്മാരുടെ അമ്മയായ സിംഹിയോട് ഉപമിച്ചിരിക്കുന്നു. ആ സിംഹിയുടെ അതിശക്തനായ ബാലസിംഹമായിരുന്നു യഹോവാഹാസ് രാജാവ്. ബി സി 609 ൽ ഈ സിംഹത്തെ ഫറവോൻ നേഖോ വലയിൽ കുടുക്കുകയും മിസ്രയീമിലേക്കു കൊണ്ടുപോകുകയും (2 രാജാ. 23:33-34) ചെയ്തു. ഈ പശ്ചാത്തലത്തിൽ സിംഹിയുടെ മറ്റൊരു ബാലസിംഹമായിരുന്ന യഹോയാഖീൻ സിംഹാസനത്തിലേക്കു അവരോധിക്കപ്പെട്ടു. എന്നാൽ ബി സി 597 ൽ ഈ സിംഹത്തെ ബാബേൽ രാജാവായ നെബൂഖദ്‌നേസർ തടവുകാരനായി ബാബേലിലേക്കു (2 രാജാ. 24:15) കൊണ്ടുപോയി. മൂന്നാമത്തെ ദൃഷ്ടാന്തത്തിൽ ഫലപ്രദമായി തഴച്ചു വളർന്നു വന്നിരുന്ന മുന്തിരിവള്ളിയായ യിസ്രായേൽ ബി സി 585 ൽ നെബൂഖദ്‌നേസർ രാജാവ് ക്രോധത്തോടെ പിഴുതെടുത്തു എറിഞ്ഞുകളഞ്ഞു (2 രാജാ. 24:20; യിര. 52:3) എന്ന വസ്തുതയും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ നാശോന്മുഖതയുടെ തിക്തത ഏറെ കുടിച്ചിറക്കിയ യിസ്രായേലിന്റെ ചരിത്രം തീഷ്ണമായ അനുഭവങ്ങളുടെ കലവറ തന്നെയെന്നു വിശേഷിപ്പിക്കുന്നതാണെനിക്കിഷ്ടം! കൊളുത്തിട്ടു പിടിയ്ക്കപ്പെട്ടും (19:4) വലയിൽ കുടുങ്ങപ്പെട്ടും (19:8) തീയാൽ ദഹിക്കപ്പെട്ടും (19:14) പോയ ചരിത്രം യിസ്രായേലിനോളം മറ്റൊരു ജനതയ്ക്കു അവകാശപ്പെടുവാനാകുമോ!

പ്രിയരേ, മത്സരവും മറുതലിപ്പും ദൈവവിരോധവും അനുസരണക്കേടും ഇങ്ങനെ ദൈവാനുകൂലമല്ലാത്ത പരിസരങ്ങളിലൂടെയുള്ള സഞ്ചാരം യിസ്രായേലിന്നു ചിരപരിചിതമാണ്. അതേസമയം അവ വരുത്തിവച്ച വിപത്തുകളുടെ സംക്ഷേപം ദൈവോന്മുഖതയ്ക്കു ഒരുവനെ പ്രേരിപ്പിക്കുവാൻ ഉതകുന്നതുമാണ്; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like