കേരളത്തിനു ലഭിക്കേണ്ട സബ്സിഡി തടഞ്ഞുവച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

0

തിരുവനന്തപുരം: അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ കേന്ദ്ര പൊതുവിതരണ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. കേരളത്തിന് അനുവദിക്കുന്ന നോണ്‍-സബ്സിഡി മണ്ണെണ്ണയുടെ അളവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും കത്തയച്ചിട്ടുണ്ട്.

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ എണ്ണം 1,54,80,040 ആയി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തിയതിലൂടെ പട്ടികയില്‍ നിന്നും എന്‍.എഫ്.എസ്.എ പ്രകാരമുള്ള റേഷന്‍ സമ്ബ്രദായത്തില്‍ നിന്നും അര്‍ഹതയുള്ള നിരവധിപേര്‍ പുറത്തായതായി കത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുകാരുടെ ദേശീയ ശരാശരി 75% (റൂറല്‍) 50% (അര്‍ബന്‍) ആയിരിക്കെ കേരളത്തിലെ ശരാശരി കേവലം 52.63% (റൂറല്‍) 39.50% (അര്‍ബന്‍) ആണെന്നും ഇതില്‍ വര്‍ധനവ് വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അരിയുടെ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ അന്നവിത്രാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ വ്യത്യാസം കാരണം കേരളത്തിനു ലഭിക്കേണ്ട സബ്സിഡി തുകയുടെ 10 ശതമാനം കേന്ദ്രം കുറവു വരുത്തിയിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെട്ട സാഹചര്യത്തില്‍ കുറവു വരുത്തിയ സബ്സിഡി തുക പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ അളവില്‍ വലിയതോതിലുള്ള കുറവ് കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുണ്ടെന്നും കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവില്‍ വര്‍ധനവ് വരുത്തണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like