ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച്‌ ഡയോസിസ് പാന്‍ഡമിക്ക് നിയന്ത്രണങ്ങള്‍ നീക്കി

0

ഹൂസ്റ്റണ്‍: മെയ് 22 മുതല്‍ ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച്‌ ഡയോസിസിന്റെ പരിധിയിലുള്ള എല്ലാ ദേവാലയങ്ങളിലും പാന്‍ഡമിക്കിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുന്നതായി ആര്‍ച്ച്‌ ബിഷപ്പ് ഡാനിയല്‍ കാര്‍ഡിനാള്‍ ഡിനാര്‍ഡോ അയച്ച ഇടയലേഖനത്തില്‍ പറയുന്നു.

പ്രാദേശിക തലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനകളിലും പാരിഷ് മീറ്റിംഗുകളിലും അനുവദനീയമായ സംഖ്യയനുസരിച്ച്‌ 100% പേര്‍ക്കും പങ്കെടുക്കാമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗോ മാസ്‌കോ ഉപയോഗിക്കേണ്ടതില്ലെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ മാസ്‌ക് ധരിക്കേണ്ടവര്‍ക്ക് അതിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം വിശുദ്ധകുര്‍ബാന മദ്ധ്യേ നല്‍കപ്പെടുന്ന ഓസ്തി നാവില്‍ വച്ച്‌ നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞിരുന്നതും ഇതോടെ നീക്കം ചെയ്തതായും ഇനി മുതല്‍ നാവിലോ കൈയ്യിലോ വാങ്ങുന്നതിനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു.

മെയ് 22 ണ് വൈകീട്ട് ഹോളി കമ്യൂണിയന്‍ സ്വീകരിക്കുമ്ബോള്‍ നല്കിവന്നിരുന്ന വൈന്‍ കോമണ്‍ ചാലിസില്‍ നിന്നും ഉപയോഗിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും എല്ലാ വിശ്വാസികളും ഇതിനനുസൃതമായി പ്രവര്‍ത്തിക്കണെമന്നും ആര്‍ച്ച്‌ ബിഷപ്പിന്റെ കത്തില്‍ പറയുന്നു.

ഗാല്‍വസ്റ്റണ്‍ കാത്തലിക് ചര്‍ച്ചുകളില്‍ നടക്കുന്ന ഹോളി കമ്മ്യുണിയനില്‍ ഇനി മുന്‍പ് ഉണ്ടായിരുന്ന പോലെ പങ്കെടുക്കുന്നതിനുള്ള അവസരമാണ് വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കുന്നത്

You might also like