പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല

0 215

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ടാണു ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു സിപിഎംസിപിഐ ചര്‍ച്ചയില്‍ ധാരണയായിരുന്നു. മറ്റു ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ കൂടി കണക്കിലെടുത്തേ എണ്ണം സംബന്ധിച്ച്‌ അവസാന തീരുമാനം എടുക്കൂ.

സിപിഎമ്മില്‍ തന്നെ ആരൊക്കെ മന്ത്രിമാരാകുമെന്നതിലും എല്‍ഡിഎഫിലെ ഏതൊക്കെ ചെറുകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നതിലും ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സിപിഐക്ക് 4 മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമാണു ധാരണ. കേരള കോണ്‍ഗ്രസിനെ (എം) പരിഗണിക്കേണ്ട സാഹചര്യത്തില്‍ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുകൊടുത്തേക്കും.

ഏകാംഗ കക്ഷികള്‍ക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണു സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ലെന്നു നേതാക്കള്‍ പറഞ്ഞു. 17ന് എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി ഇരുപാര്‍ട്ടികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും.

You might also like
WP2Social Auto Publish Powered By : XYZScripts.com