ജുലൈ 17 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയില്‍ പ്രവേശിക്കാം

0

ജിദ്ദ: സൗദി അറേബ്യയില്‍ മാസപ്പിറവി കാണാതിരുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 11 ദുല്‍ഹിജ്ജ മാസം ഒന്നാം തീയതിയായി പരിഗണിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. ഇതുപ്രകാരം ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലേക്ക് ജൂലൈ 17, 18 (ദുല്‍ഹിജ്ജ 7, 8) തീയതികളില്‍ പ്രവേശനം അനുവദിക്കും. ജൂലൈ 18നാണ് ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാവുക. ജൂലൈ 22ന് കര്‍മങ്ങള്‍ അവസാനിക്കും. ഹജ്ജ് തീര്‍ഥാടനത്തിലെ സുപ്രധാന കര്‍മമായ അറഫ സമ്മേളനം ജൂലൈ 19ന് നടക്കും. ജൂലൈ 20നായിരുന്നു ആദ്യ പെരുന്നാളെന്നും സുപ്രിം കോടതി അറിയിച്ചു.

ജൂലൈ 17, 18 തീയതികളില്‍ മക്കയിലെത്തുന്ന തീര്‍ഥാടകരെ നാലു കേന്ദ്രങ്ങളിലൂടെയാണ് മക്കയില്‍ പ്രവേശിപ്പിക്കുക. അവിടെ നിന്ന് വിശുദ്ധ മസ്ജിദുല്‍ ഹമാറിലേക്ക് കഅബ പ്രദക്ഷിണത്തിനായി ബസ്സുകളില്‍ കൂട്ടിക്കൊണ്ടു പോവും. അവിടെ നിന്നാണ് മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര തിരിക്കുക. 20 പേര്‍ അടങ്ങുന്ന ഹാജിമാരുടെ ഓരോ സംഘത്തിനും ഒന്നു വീതം ഹെല്‍ത്ത് എസ്‌കോര്‍ട്ട് ഉണ്ടാകുമെന്ന് നേരത്തേ ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

യാത്ര ഉള്‍പ്പെടെ ഹജ്ജ് തീര്‍ഥാടനത്തിന്റെ ഓരോ ഘട്ടത്തിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുമാണ് ഓരോ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി ജൂണ്‍ 13ന് ആരംഭിച്ച രജിസ്ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായതായി മന്ത്രാലയം അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 60,000 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനും ശേഷം അന്തിമമായി അനുമതി ലഭിച്ചവരില്‍ 150ലേറെ രാജ്യക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 558,270 പേരായിരുന്നു ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മശാത്ത് അറിയിച്ചു.

ഇവരില്‍ നിന്ന് നേരത്തേ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ആളുകളെ തെരഞ്ഞെടുത്തത്. അതേസമയം, ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തമായ പരിശോധന ആരംഭിച്ചു. ഇങ്ങനെ അനധികൃതമായി മക്കയില്‍ പ്രവേശിച്ച 52 പേര്‍ക്കെതിരെ നടപടി എടുത്തതായി അധികൃതര്‍ വ്യക്തമാക്കി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് നിയമലംഘനമാണെന്ന് നേരത്തേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിടിയിലാകുന്നവരില്‍ നിന്ന് 10,000 റിയാല്‍ പിഴ ഈടാക്കും.

You might also like