ദുരന്തം ചാകരയാക്കാന്‍ സ്വകാര്യ ആശുപത്രികള്‍

0

തൃശൂര്‍: പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ഗുരുതരമായെത്തുന്ന രോഗികളില്‍ നിന്ന് പോലും ലക്ഷങ്ങള്‍ ഈടാക്കുന്നുവെന്ന് പരാതി. കിടക്കകള്‍ ഒഴിവുള്ള ആശുപത്രികള്‍ അറിയുന്നതിനായുള്ള ലിങ്ക് പരിശോധിക്കുമ്ബോള്‍ പല ആശുപത്രികളിലും കിടക്കകള്‍ ഒഴിവു കാണിക്കുന്നുണ്ടെങ്കിലും രോഗികള്‍ നേരിട്ട് ബന്ധപ്പെട്ടാല്‍ കിടക്കകള്‍ ഒഴിവില്ല എന്നാകും മറുപടി.

രോഗം മൂര്‍ച്ഛിച്ച രോഗിയുമായി ചെന്നാല്‍ താത്കാലികമായി അഡ്മിഷന്‍ തരും. പിന്നീട് ഐസൊലേഷന്‍ ഒഴിവുണ്ട് എന്ന് അറിയിച്ച്‌ ഒരു ലക്ഷം രൂപ കെട്ടി വെയ്ക്കണമെന്ന് പറയും.
സ്വകാര്യ ആശുപത്രികള്‍ അമിത തുക കൊവിഡ് ചികിത്സയ്ക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിരുന്നു. പരമാവധി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിരുന്നു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നായിരുന്നു ആശുപത്രി ഉടമകളുടെ നിലപാട്.

അമിത തുക ഈടാക്കിയെന്ന പരാതി ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ജില്ലാതല സമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒ.പിയെന്ന നിര്‍ദ്ദേശമുള്ളപ്പോഴും അമ്ബത് ശതമാനം കിടക്കക്കള്‍ മാറ്റിവെയ്ക്കണമെന്ന ഉത്തരവും അമിതഫീസ് ഈടാക്കരുതെന്ന നിര്‍ദ്ദേശവും പോലും നടപ്പാകുന്നില്ലെന്നും ആരോപണമുണ്ട്.

നടപടിക്ക് തുടക്കമിട്ട് കളക്ടര്‍

ജില്ലാ മെഡിക്കല്‍ കോളേജ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങിയ ഓക്‌സിജന്‍ വിജിലന്‍സ് ടീം ജില്ലയില്‍ പരിശോധന തുടങ്ങി. സ്വകാര്യ ആശുപത്രികള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ രേഖപ്പെടുത്തുന്ന കിടക്കകളുടെ എണ്ണം, ഓക്‌സിജന്‍ ഉപയോഗം, ഓക്‌സിജന്‍ സ്‌റ്റോക്ക്, കൊവിഡ് ഇതര രോഗികളുടെ ഓക്‌സിജന്‍ അനുബന്ധ ചികിത്സകള്‍, ഓപ്പറേഷന്‍ അടക്കം ഓക്‌സിജന്‍ ഉപയോഗിക്കുന്ന ചികിത്സകള്‍ എന്നിവ വിലയിരുത്തുന്നതിനായിരുന്നു പരിശോധന. ഓക്‌സിജന്‍ സംബന്ധിച്ച വിവരം രേഖപ്പെടുത്തുന്നതില്‍ കൃത്യവിലോപം കാട്ടിയ ആശുപത്രികള്‍ക്കെതിരെ കളക്ടര്‍ എസ്. ഷാനവാസ് നടപടി സ്വീകരിച്ചു.

സാധാരണക്കാര്‍ക്ക് ഇത്രയും ഭീമമായ സംഖ്യ കെട്ടിവെച്ചു ചികിത്സ തേടാനുള്ള സാഹചര്യം വളരെ കുറവാണ് . ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്ത് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ട നടപടി കൈക്കൊള്ളണം.

സി. ആര്‍ വത്സന്‍
ജില്ലാ പ്രസിഡന്റ് കോണ്‍ഗ്രസ് എസ്.

You might also like