ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശം: ചിതറിക്കപ്പെട്ട വിശ്വാസികളെ കണ്ടെത്താനാകാത്തതിന്റെ ദുഃഖത്തില്‍ വൈദികന്‍

0 308

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തിനിടെ ചിതറിക്കപ്പെട്ട വിശ്വാസികളെ കണ്ടെത്താനാകാത്തതിന്റെ ദുഃഖത്തില്‍ വൈദികന്‍. മാർച്ച് 24നാണു പൽമ നഗരത്തെ ഒരു സംഘം ആയുധധാരികള്‍ ആക്രമിച്ചത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പാണ് തങ്ങളെന്ന് ഇവർ പരസ്യമായി പ്രഖ്യാപിക്കുകയായിരിന്നു. 11 ദിവസത്തെ ആക്രമണത്തിന് ശേഷം, ഏപ്രിൽ 4, ഈസ്റ്റർ ഞായറാഴ്ച, രാജ്യത്തിന്റെ സായുധ സേന വിജയകരമായി ഇസ്ലാമിക തീവ്രവാദികളുടെ നേരെ ആക്രമണം നടത്തി നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തുവെങ്കിലും ചിതറിക്കപ്പെട്ട ക്രൈസ്തവ സമൂഹത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതിന്റെ ദുഃഖത്തിലാണ് പ്രാദേശിക വൈദികനായ ഫാ. അന്റോണിയോ ചാംബോകോ. ആക്രമണം ഉണ്ടായ വാര്‍ത്ത തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും വിശ്വാസികളെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും മനുഷ്യജീവന്റെ മഹത്വത്തെ ക്രൂരമായി ഇല്ലാതാക്കുന്ന പ്രവണത അതിവേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ലോകമനസാക്ഷി ഉണരണമെന്നും ഫാ. അന്റോണിയോ പറഞ്ഞു. പൽമ നഗരത്തില്‍ അന്‍പതിനായിരത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ശിരഛേദം ചെയ്യപ്പെട്ട ആളുകളുടെ വിരൂപമാക്കിയ മൃതദേഹങ്ങളും കണ്ടെത്തിയതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന ഇതിനിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്താണ് മൊസാംബിക്ക്.

You might also like
WP2Social Auto Publish Powered By : XYZScripts.com