ഇസ്രയേലിന്റെ പ്രവൃത്തികള്‍ കടുത്ത മനുഷ്യവകാശ ലംഘനം; നടപടികളെ അപലപിച്ച്‌ സി പി ഐ എം

0

ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച്‌ സി പി ഐ എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സി പി ഐ എം പിബി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പലസ്തീന്‍കാര്‍ക്കെതിരായ ഇസ്രയേലി ആക്രമണത്തെ സി പി ഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഗാസാ മുനമ്ബില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശമാണ് ഇസ്രയേല്‍ ലക്ഷ്യം. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ആക്രമിക്കുന്നത്.

മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അല്‍അഖ്സ പള്ളിക്കുനേരെയുള്ള ആക്രമണത്തില്‍ റംസാന്‍ പ്രാര്‍ഥനയിലായിരുന്നവര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ കഴിയുന്ന പലസ്തീന്‍കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്. ഇസ്രയേലിന്റെ ഈ നടപടികള്‍ മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്. പലസ്തീന്‍കാര്‍ക്ക് പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്നു- പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

You might also like