വാക്സിനെടുത്ത കുട്ടികളുമായി ക്ലാസുകള്‍ ആരംഭിക്കാനൊരുങ്ങി ജിദ്ദ ഇന്ത്യന്‍ സ്കൂള്‍; നാട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് തീരുമാനം തിരിച്ചടിയാവും

0

ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച 12 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന സൗദി ആരോഗ്യ മന്ത്രാലത്തിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും നിര്‍ദേശത്തെ തുടര്‍ന്ന് അടുത്ത മാസം സാധാരണ ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍. ഇതിനായി 12 വയസ് തികഞ്ഞ ആറ് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഉടന്‍ രണ്ട് ഡോസ് വാക്സിന്‍ കുത്തിവെപ്പ് എടുക്കാനാവശ്യപ്പെട്ട് സ്കൂളില്‍ നിന്നും രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. രണ്ട് ഡോസുകള്‍ക്കിടയിലെ കാല ദൈര്‍ഘ്യം ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത് മൂന്നാഴ്ചയാണ്. അതിനാല്‍ ഉടന്‍ ഒന്നാം ഡോസ് എടുക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ ആരംഭിക്കുന്നതിന് മുമ്ബ് തന്നെ രണ്ടാം ഡോസും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്നാണ് സര്‍ക്കുലര്‍ മുഖേന സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന മഹാഭൂരിപക്ഷം വിദ്യാര്‍ഥികളും നിലവില്‍ നാട്ടിലാണുള്ളത്. അവധിക്ക് നാട്ടിലെത്തി യാത്രാ വിലക്ക് കാരണം തിരിച്ചെത്താന്‍ സാധിക്കാത്തവരാണിവര്‍. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന നിലവിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നാട്ടില്‍ നിന്നും ഇവര്‍ പങ്കെടുക്കുന്നുമുണ്ട്. അതിനാല്‍ അടുത്ത മാസം സാധാരണ ക്ലാസുകള്‍ ആരംഭിക്കുകയാണെങ്കില്‍ നാട്ടിലുള്ള കുട്ടികള്‍ക്ക് അത് തിരിച്ചടിയാവും.

സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ഇല്ലാത്തതിനാലും, മറ്റു രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ തങ്ങി സൗദിയിലെത്തുക എന്നത് കുടുംബങ്ങളെ സംബന്ധിച്ച്‌ ഏറെ പ്രയാസമായതിനാലും, ഉടനെ നാട്ടില്‍ നിന്നും ഇവര്‍ക്ക് തിരിച്ചെത്താന്‍ സാധിക്കില്ല. മാത്രമല്ല, നാട്ടില്‍ കുട്ടികള്‍ക്ക് ഇതുവരെ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുമില്ല. അതിനാല്‍ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഈ വിദ്യാര്‍ഥികളുടെ ഭാവി പഠനം എങ്ങിനെ ആയിരിക്കുമെന്നതിനെക്കുറിച്ച ആശങ്കയിലാണ് രക്ഷിതാക്കള്‍. ക്ലാസുകള്‍ ആരംഭിക്കുമ്ബോള്‍ നാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തത വരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

You might also like