ജെറുസലേമിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ക്രൈസ്തവ നേതാക്കൾ

0

ജെറുസലേം: ഇസ്രായേൽ – പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ജെറുസലേമിന് വേണ്ടി പ്രാർത്ഥിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് ക്രൈസ്തവ നേതാക്കൾ. നേരത്തെ തന്നെ സംഘർഷഭരിതമായ ഇസ്രായേൽ പലസ്തീൻ ബന്ധം വലതുപക്ഷ തീവ്ര സംഘടനകൾ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, കോപ്റ്റിക് ഓർത്തഡോക്സ്, അർമേനിയൻ, ആംഗ്ലിക്കൻ സഭാ നേതാക്കൾ ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു. അക്രമസംഭവങ്ങൾ ജറുസലേമിന്റെ വിശുദ്ധി നശിപ്പിക്കുകയും, വിശ്വാസികളുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്ന കാര്യമാണെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ഉടനെതന്നെ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അവർ അഭ്യർത്ഥിച്ചു.

ഇത്തരത്തില്‍ ഒരു സംയുക്ത പ്രസ്താവന ക്രൈസ്തവ നേതാക്കൾ ഇറക്കുന്നത് അസാധാരണമായ ഒരു കാര്യമാണെന്ന് ജെറുസലേമിലെ സെന്റ് ജോർജ് കോളേജിന്റെ ഡീനായ റവ റിച്ചാർഡ് സേവൽ ‘പ്രീമിയര്‍’ മാധ്യമത്തോട് പറഞ്ഞു. വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ സാധാരണയായി ക്രൈസ്തവ നേതാക്കൾ സംയുക്ത പ്രസ്താവനകൾ ഇറക്കാറില്ല. ക്രൈസ്തവ നേതാക്കൾ വിശ്വാസികളുടെ സുരക്ഷയെയും, ക്ഷേമത്തെയും, ആരാധന സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രസ്താവനകൾ ഇറക്കാറുള്ളൂ. ഇത് അങ്ങനെ ഒരു സന്ദർഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അൽ അക്സ മുസ്ലിം പള്ളിക്ക് സമീപം പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഇതുവരെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇസ്രായേലിലെ അഷ്കലോൺ നഗരത്തിൽ ഗാസയിൽ നിന്നുള്ള പാലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു. ഭീതിയ്ക്ക് നടുവിലാണ് ജനം ഇപ്പോള്‍ കഴിയുന്നത്.

You might also like