കോവിഡ് 19// ജാർഖണ്ഡിലെ ഗുംല ബിഷപ്പ് പോൾ അലോയിസ് കാലം ചെയ്തു

0 185

 

 

റാഞ്ചി: കോവിഡ് രോഗബാധയെ തുടര്‍ന്നു ജാർഖണ്ഡിലെ ഗുംല രൂപതാധ്യക്ഷന്‍ ബിഷപ്പ് പോൾ അലോയിസ് ലക്ര (65) കാലം ചെയ്തു. ഇന്നു ജൂൺ 15 ചൊവ്വാഴ്ച പുലർച്ചെ 1:30 ന് റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കോവിഡ് രോഗബാധയെ തുടര്‍ന്നു ഭാരത കത്തോലിക്ക സഭയില്‍ മരണപ്പെടുന്ന നാലാമത്തെ ബിഷപ്പാണ് പോൾ അലോയിസ്.

കോവിഡ് രോഗബാധയെ തുടര്‍ന്നു മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസിൽ ഭൂരിയ മരണപ്പെട്ടത് കഴിഞ്ഞ മാസമാണ്. രോഗബാധിതനായ ബിഷപ്പ് പോളിനെ റാഞ്ചിയിലെ മന്ദറിലെ കോൺസ്റ്റന്റ് ലൈവൻസ് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചിരിന്നെങ്കിലും മെയ് 17 ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നു റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരിന്നു.

1955 ജൂലൈ 11ന് ഗുംല രൂപതയായ നാദിറ്റോലി ഗ്രാമത്തിലാണ് പോൾ ലക്രയുടെ ജനനം. ഗുംലയിലെ സെന്റ് പാട്രിക്സ് സ്കൂളിലും തുടർന്ന് സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിലും കാർട്ടിക് ഒറയോൺ കോളേജിൽ പഠനം നടത്തി. 1976ൽ റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിലെ സെമിനാരിയിൽ പ്രവേശിച്ചു. റാഞ്ചിയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി (1977-80). തുടർന്ന് അദ്ദേഹം തത്ത്വചിന്ത (1980-1983)യില്‍ പഠനം നടത്തി. 1988 മെയ് 6 ന് റാഞ്ചി അതിരൂപത വൈദികനായി അഭിഷിക്തനായി. 1993 ൽ ഗുംല രൂപതയുടെ രൂപീകരണത്തോടെ അദ്ദേഹത്തെ രൂപതയിലേക്ക് നിയോഗിച്ചു. 2004 ൽ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.

2006 ജനുവരി 28ന് അന്‍പതാം വയസ്സിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ഗുംലയിലെ രണ്ടാമത്തെ ബിഷപ്പായി നിയമിക്കുകയായിരിന്നു. മൃതസംസ്‌കാരം നാളെ (ജൂൺ 16) ബുധനാഴ്ച രാവിലെ 10 ന് ഗുംലയിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് റാഞ്ചി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ എസ്.ജെ മുഖ്യകാര്‍മ്മികത്വം വഹിക്കും.

You might also like
WP2Social Auto Publish Powered By : XYZScripts.com