ലാപ്‌ടോപ്പ് പദ്ധതിയില്‍ വീഴ്ച: കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിക്ക്; വിദ്യാര്‍ഥികള്‍ക്ക് പുതിയ പദ്ധതിയില്‍ ലാപ്‌ടോപ്പ്

0

വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍. ലാപ്ടോപ്പുകള്‍ നല്‍കാമെന്നേറ്റ കമ്പനികള്‍ ഓര്‍ഡറുകള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി എടുക്കാന്‍ കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വായ്പാ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്ടോപ്പ് വാങ്ങിയ ബില്‍ ഹാജരാക്കിയാല്‍ 20,000 രൂപ വരെ വായ്പയായി അനുവദിക്കും.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളില്‍ നിന്നും ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്‌ടോപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍.

ചിട്ടി പദ്ധതി ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്കുള്ള വായ്പ അനുവദിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകളുടെ ബില്‍, ഇന്‍വോയ്സ് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ ഇരുപതിനായിരം രൂപ വരെ വായ്പ കെഎസ്എഫ്ഇയില്‍ നിന്ന് അനുവദിക്കും.

കോക്കോണിക്‌സ്, എയ്‌സര്‍, എച്ച് പി, ലെനോവോ എന്നീ കമ്പനികളുമായാണ് സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നത്. എച്ച് പി, ലെനോവോ എന്നീ കമ്പനികളാണ് ഇതുവരെ ലാപ്‌ടോപ്പുകള്‍ നല്‍കാത്തത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത സാമഗ്രികള്‍ ലഭ്യമാകാത്തതു കൊണ്ടാണ് ലാപ്ടോപ്പുകള്‍ വൈകുന്നത് എന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. കോക്കോണിക്‌സ്, എയ്‌സര്‍ എന്നിവയ്ക്ക് നല്‍കിയ പര്‍ച്ചയ്‌സ് ഓര്‍ഡര്‍ പ്രകാരമുള്ള ലാപ്‌ടോപ്പുകള്‍ ഈ മാസത്തോടെ പൂര്‍ണമായും വിതരണം ചെയ്യും.

You might also like