ഒരു മിനിട്ട് മതി, കുഴിമടിയനെയും മാറ്റാം; മടിപിടിച്ചിരിക്കാതെ ഇതൊന്നു വായിക്കൂ!

0

ഡോ. പ്രശാന്ത് മുക്തിദയ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്&
ഹിപ്‌നോതെറാപ്പിസ്റ്റ്
തിരുവനന്തപുരം

ഡോ. രഞ്ജു മുക്തിദയ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്&
ഹിപ്‌നോതെറാപ്പിസ്റ്റ്
തിരുവനന്തപുരം

മടിയന്‍ മല ചുമക്കും എന്നാണ് പറയാറ്. എന്നാല്‍, ജീവിതത്തില്‍ ഒരു ദിവസമെങ്കിലും മടിപിടിച്ച്‌ ഇരുന്നിട്ടില്ലാത്തവര്‍ കുറവാണ്. മനുഷ്യര്‍ പല തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലര്‍ കഠിനാദ്ധ്വാനികളായി കാണപ്പെടുന്നെങ്കില്‍ മറ്റു ചിലര്‍ കുഴിമടിയന്മാരായിരിക്കും. മടി ഒരു പരിധി കഴിഞ്ഞ് മനുഷ്യനെ പിടികൂടിയാല്‍പ്പിന്നെ അവന് ജീവിതം മൊത്തത്തില്‍ ഉറങ്ങിത്തീര്‍ക്കാനുള്ളത് മാത്രമായി അവശേഷിക്കും.

മടിയന്മാരുടെ മടി മാറ്റാനുള്ള വഴികള്‍

* മടിയുടെ പ്രധാന കാരണം മനസ്സിലാക്കുക
ചിലപ്പോള്‍ വളരെയധികം ജോലി ചെയ്യുന്നതിന്റെ ഫലമായി ശരീരം കുറച്ച്‌ ദിവസം വിശ്രമിക്കാന്‍ ആഗ്രഹിക്കും. അങ്ങനെയുള്ളവയെ മടിയായി കാണരുത്. ഒരാള്‍ വെറുതെ മടിയനാവില്ല. ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമോ പഠനത്തോടുള്ള താത്പര്യക്കുറവോ, ശരീരം അനക്കാനുള്ള ബുദ്ധിമുട്ടോ എന്തും മടിയുടെ കാരണമാവാം. എന്തിനാണ് മടിപിടിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയാല്‍ അതിനനുസരിച്ച്‌ മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കി ഒരാളെ മടിയില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കും.

* എന്ത് ജോലി ചെയ്യുന്നുവോ അതില്‍ ഉത്സാഹം കണ്ടെത്തണം
പലപ്പോഴും കുട്ടികള്‍ പഠനത്തോട് താത്പര്യം കാണിക്കാതിരിക്കുന്നത് അവര്‍ക്ക് പഠനത്തിന്റെ അടിസ്ഥാന ഘടകം എവിടെയോ വിട്ടുപോയതുകൊണ്ടാണ്. ഉദാഹരണമായി ഫിസിക്സ് അഥവാ ഊര്‍ജ്ജതന്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുമ്ബോള്‍ അധ്യാപകന്‍ പലപ്പോഴായി പരമാണു, തന്മാത്ര എന്നിങ്ങനെയുള്ള പദങ്ങള്‍ പറയുന്നു. ചെറിയ ക്ലാസ്സില്‍ തന്നെ ആറ്റത്തെയും (പരമാണു) മോളിക്യൂളിനെയും (തന്മാത്ര) പഠിച്ചിട്ടുള്ളതുകൊണ്ട് വലിയ ക്ലാസ്സില്‍ ഫിസിക്സ് പഠിപ്പിക്കുമ്ബോള്‍ അധ്യാപകന്‍ അവ എന്താണ് എന്ന് പറയുന്നതിന് പകരം പേരുകള്‍ മാത്രം ഉപയോഗിക്കുന്നു. എന്നാല്‍, പല കുട്ടികളും പഴയ ക്ലാസ്സില്‍ പഠിച്ച കാര്യങ്ങള്‍ മനസിലാക്കിയായിരിക്കില്ല പഠിച്ചിരിക്കുന്നത്. പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി മാത്രമാണ് പലരും പഠിക്കുന്നത്. അത് വിട്ട്് അറിവ് നേടാനുള്ള മാധ്യമമായി കണ്ട് മനസ്സിലാക്കി പഠിക്കുന്ന ശൈലി കൊണ്ടുവാരം. എന്ത് കാര്യം ചെയ്യുമ്ബോഴും അവ നന്നായി ചെയ്യാനായി കുട്ടിയെ ചെറുപ്പത്തില്‍ നിന്ന് തന്നെ ശീലിപ്പിക്കണം. അവനവന്‍ ഏറ്റെടുക്കുന്ന ജോലി നന്നായി ചെയ്യാന്‍ അറിഞ്ഞാല്‍ ഒരാള്‍ക്ക് സ്വയം അതില്‍ ഉത്സാഹം കണ്ടെത്താന്‍ സാധിക്കും. ഇതിനായി ശ്രദ്ധ എന്ന കഴിവ് വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. ശ്രദ്ധ കൂടുവാന്‍ പറ്റുന്ന ധാരാളം കളികള്‍ നമുക്ക് ചുറ്റുമുണ്ട്. കുട്ടികള്‍ കളിക്കുന്ന ആര്‍ച്ചെറി അഥവാ അമ്ബെയ്ത്ത് ശ്രദ്ധ കൂട്ടുന്ന ഒരു കളിയാണ്.

* ജോലിക്കിടയില്‍ ബ്രേക്ക് എടുക്കുക
ഏത് ജോലി ചെയ്യുമ്ബോഴും ഇടയ്ക്ക് ചെറിയ വിശ്രമം എടുക്കുന്നത് നല്ലതാണ്. ആ സമയത്ത് കോഫി, റ്റീ എന്നിവ കുടിക്കുന്നത് വീണ്ടും ജോലി ഉന്മേഷത്തോടെ ചെയ്യാന്‍ പ്രാപ്തമാക്കും.

* സ്മാര്‍ട്ട് വര്‍ക്കര്‍ ആവുക
ഏത് ജോലി ചെയ്യുമ്ബോഴും അത് പെട്ടെന്ന് തീര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. ഉദാഹരണമായി, സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോകുന്ന പാഠം മുന്‍കൂറായി ഒന്നു വായിച്ചുവച്ചാല്‍ അവ സ്‌കൂളില്‍ പഠിപ്പിക്കുമ്ബോള്‍ എളുപ്പമായി തോന്നാം. സ്‌കൂളില്‍ പഠിപ്പിക്കുമ്ബോള്‍ തന്നെ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കാം. ചെയ്തുതീര്‍ക്കാനുള്ള ജോലി എന്തുതന്നെ ആയാലും സമയപരിധിക്കുള്ളില്‍ നിന്ന്, പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കാം.

* സഹായം ചോദിക്കാം
ജോലി ചെയ്യുമ്ബോള്‍ ഏതെങ്കിലും ഭാഗത്ത് സഹായം ആവശ്യമായി തോന്നിയാല്‍ വിദഗ്ദ്ധരില്‍ നിന്ന് സഹായം ചോദിക്കാന്‍ മടിക്കരുത്. ജോലികള്‍ ശരിയായി ചെയ്യാന്‍ മനസ്സിലാക്കിയാല്‍ പിന്നെ അത് ചെയ്യാന്‍ ഉത്സാഹം ജനിക്കുന്നു.

* ആത്മപരിശോധന നടത്തുക
ചിലപ്പോള്‍ ഇഷ്ടപ്പെടുന്ന ജോലികള്‍ പോലും സ്ഥിരമായി ചെയ്യുമ്ബോള്‍ അതിലെ താത്പര്യം കുറയുന്നു. ഉദാഹരണമായി, രാവിലെ എന്നും വീട് വൃത്തിയാക്കുന്ന വീട്ടമ്മ ഒരുപക്ഷേ ആ ജോലി എന്നും ആസ്വദിക്കണമെന്നില്ല. എന്നും ചെയ്യുന്ന ജോലിയും ധാരാളം സമയമെടുക്കുന്ന ജോലിയുമാണ് വൃത്തിയാക്കല്‍. എന്നാല്‍, വീട് എന്നും വൃത്തിയാക്കുന്നത് വഴി നമുക്ക് കിട്ടുന്ന ഉപകാരങ്ങള്‍ ഓര്‍ക്കുമ്ബോള്‍ അവ വീണ്ടും ചെയ്യാനുള്ള പ്രേരണയുണ്ടാകും. അതുകൊണ്ടുതന്നെ, എന്ത് ജോലിയാണോ ചെയ്യാന്‍ താത്പര്യമില്ലാത്തത് അതിനെപ്പറ്റി കുറച്ച്‌ നേരം ചിന്തിച്ച്‌ അതിനുള്ള പരിഹാരം നേടാം.

* സ്വയം പ്രചോദനമാകുക
ദിനചര്യകള്‍ ചെയ്യുമ്ബോള്‍ ആത്മപരിശോധനയ്ക്കൊപ്പം സ്വയം പ്രചോദിപ്പിക്കുകയും വേണം. ഉദാഹരണമായി, രാവിലെ വ്യായാമം ചെയ്യാനായി എഴുന്നേല്‍ക്കാന്‍ മടി തോന്നുമ്ബോള്‍ സ്വയം സ്വാധീനം ചെലുത്തി എഴുന്നേല്‍ക്കുക. ഒപ്പം വ്യായാമം ചെയ്തുതീരുമ്ബോള്‍ കിട്ടുന്ന സുഖം ഒന്ന് ഓര്‍ക്കുക. ജോലികള്‍ ചെയ്ത് പൂര്‍ണ്ണമാകുമ്ബോള്‍ സ്വയം അഭിനന്ദിക്കുക.

മടി മാറ്റാനായി സ്ഥിരമായി ചെയ്യേണ്ട കാര്യങ്ങള്‍

* ദിവസേനെയുള്ള വ്യായാമം
ശരിയായ ആരോഗ്യത്തിനായി വ്യായാമം ശരീരത്തിന് എല്ലാ ദിവസവും നല്‍കേണ്ടത് അത്യാവശ്യമാണ്. നല്ലൊരു ശരിരത്തിലേ നല്ലൊരു മനസ് വസിക്കുകയുള്ളൂ. അതുവഴി മാത്രമേ ചെയ്യുന്ന ജോലികള്‍ക്ക് പൂര്‍ണ്ണത ലഭിക്കുകയുള്ളൂ.

* എഴുന്നേറ്റ ഉടനെ മുഖം കഴുകുക
ഇങ്ങനെ ചെയ്യുന്നതിലൂടെ രാവിലെ കണ്ണില്‍ തട്ടി നില്‍ക്കുന്ന ഉറക്കം മാറും.

* എഴുന്നറ്റ് 20 മിനിറ്റിനു ശേഷം പഴങ്ങള്‍ കഴിക്കുക
രാവിലെ എഴുന്നേറ്റ ഉടനെ ശരീരത്തിലെ മെറ്റബോളിസം തോത് കുറവായിരിക്കും. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ ചായ, കാപ്പി ഇവ കുടിക്കുന്നതിനെക്കാള്‍ നല്ലതാണ് പഴം കഴിക്കുന്നത്.

* പരിസരം ശുചിയായി വയ്ക്കുക
കിടക്കുന്ന മുറിയും താമസിക്കുന്ന പരിസരവും വൃത്തിയായി വയ്ക്കുന്നതുവഴി നല്ലൊരു അന്തരീക്ഷം നമുക്ക് ചുറ്റും സൃഷ്ടിക്കും. മടി മാറ്റാനായി ഇത് സഹായകരമാകും. വൃത്തിയാക്കല്‍ ജോലി സ്വയം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം.

* ജീവിത ലക്ഷ്യം കണ്ടെത്തുക
ഓരോ വ്യക്തിയുടെയും മുമ്ബോട്ടുള്ള യാത്രയില്‍ ഒരുപാട് സഹായകരമാകുന്നതാണ് ലക്ഷ്യബോധം. ജീവിതം ജീവിക്കേണ്ടത് എന്തിനായിരിക്കണം എന്ന് സ്വയം കണ്ടെത്തുക. ഓരോ മനുഷ്യനും വിവിധ തരം ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ സ്വന്തം അഭിരുചിക്കനുസരിച്ചുള്ള ലക്ഷ്യം കണ്ടെത്തുക.

മടി മാറ്റാനായി വണ്‍ മിനിറ്റ് മെത്തേഡ്

ഇത് ഒരു ജാപ്പനീസ് സമ്ബ്രദായമാണ്. എന്തെങ്കിലും ജോലി ചെയ്ത് തുടങ്ങാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ആ ജോലി ഒരു മിനിറ്റ് മാത്രം ചെയ്യാനായി മനസ്സിനോട് പറയുക. പലപ്പോഴും മണിക്കൂറുകള്‍ ചെയ്യേണ്ടി വരുന്ന ജോലികള്‍ ചെയ്ത് തുടങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നമ്മളെ പലപ്പോഴും പറ്റിക്കുന്ന മനസ്സിനെ ഇതുവഴി നമ്മള്‍ പറ്റിക്കുന്നു. ഒരിക്കല്‍ ജോലി ചെയ്തു തുടങ്ങിയാല്‍ തുടര്‍ന്ന് അവ ചെയ്യാന്‍ മനുഷ്യന്‍ പൊതുവെ മടി കാണിക്കാറില്ല. ഒന്നും ചെയ്യാതെ ഇരിക്കുന്നതിനെക്കാള്‍ നല്ലതാണ് ഒരു മിനിറ്റ് എങ്കിലും ചെയ്യുന്നത് എന്ന് സ്വയം തീരുമാനിക്കുക.
സ്വയം വിചാരിച്ചാല്‍ മാറ്റാന്‍ പറ്റാത്തതായി ഒരു സ്വഭാവവൈകല്യവും ലോകത്തില്ല. സ്വയം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ വിദഗ്ദ്ധ സഹായം തേടുക.

You might also like
WP2Social Auto Publish Powered By : XYZScripts.com