ലിഫ്റ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവം; ആർസിസിയുടെ അനാസ്ഥയാണ് കാരണമെന്ന് സഹോദരി

0

തിരുവനന്തപുരം: ആർസിസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിക്കാനിടയായത് ആർസിസിയുടെ അനാസ്ഥ മൂലമെന്ന് സഹോദരി. മരിച്ച നദീറയുടെ സഹോദരി റജീനയാണ് ആർ‍സിസിക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയത് കൊണ്ട് കാര്യമില്ലെന്നും റജീന അഭിപ്രായപ്പെട്ടു.

നദീറയുടെ ഒന്നേകാൽ വയസുള്ള കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം ആർസിസി നൽകണം. ചികിത്സയിൽ വീഴ്ചയുണ്ടായി എന്നൊരു പരാതിയില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പടെ സംഭവത്തിൽ  പരാതി കൊടുത്തിട്ടുണ്ട് എന്നും റജീന പറഞ്ഞു.

ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ഇന്ന് പുലർച്ചെ ആണ് മരിച്ചത്. മെയ് 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.

അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

You might also like