രോഗവ്യാപനത്തിന് അയവില്ല: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി ഈ സംസ്ഥാനം

0

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിച്ച വിവരം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വീണ്ടും ലോക്ക് ഡൗണ്‍ നീട്ടിയതെന്നാണ് വിവരം. രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറ എന്നിവിടങ്ങളിലാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സ്ഥലങ്ങളില്‍ പച്ചക്കറി, മാംസം വിഭവങ്ങള്‍, പഴം, പൂക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, മത്സ്യ സ്റ്റാളുകള്‍ എന്നിവ രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കാം. എന്നാല്‍ മത്സ്യം മൊത്തവ്യാപാരം മാത്രമേ അനുവദിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ആവശ്യമായ നടപടിയെടുക്കണമെന്നാണ് സംസ്ഥന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

You might also like