മണിക്കൂറിൽ 600 കി. മീ,കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്‌ലേവ്‌ തീവണ്ടി ചൈന പുറത്തിറക്കി

0

ബെയ്ജിങ്:കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂർത്തിയാക്കിയത്.

തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ, വൈദ്യുത-കാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവർത്തനം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ചൈന ഈ രീതി ചുരുക്കം തീവണ്ടികളിൽ ചെയ്തുവരുന്നുണ്ട്. ഷാങ്ഹായ് എയർപോർട്ടിൽനിന്നും നഗരത്തിലേക്ക് ഇത്തരത്തിലുള്ള ചെറിയൊരു മാഗ്ലേവ് പാത നിലവിലുണ്ട്.

വിമാനത്തിൽ മൂന്നുമണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലിൽ 5.5 മണിക്കൂറാണെടുക്കുന്നത്. ഉയർന്ന ചെലവും നിലവിലെ ട്രാക്ക് രീതികളും ദ്രുതഗതിയിലുള്ള വികസനത്തിന് തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും ജപ്പാൻമുതൽ ജർമനി വരെയുള്ള രാജ്യങ്ങളും മാഗ്ലേവ് ശൃംഖലകൾ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്.

മാഗ് ലെവ് ട്രെയിനിന് എൻജിനില്ല. ഒരു വലിയ വൈദ്യുത ഊർജ്ജ കേന്ദ്രം,ലോഹ കമ്പികൾ പാകിയ ട്രാക്ക്‌,ട്രെയിനിൻറെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന വലിയ കാന്തങ്ങൾ-ഇവയാണ് പ്രധാന ഭാഗങ്ങൾ. പാളത്തിലെ ലോഹ കമ്പികളിൽ സൃഷ്ടിക്കപ്പെടുന്ന കാന്തിക മണ്ഡലമാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്.അങ്ങനെ മാഗ്നറ്റിക് ഫീൽഡിൻറെ പുഷ്-പുൾ എന്ന് ട്രെയിനിൻറെ സഞ്ചാരത്തെ വിളിക്കാം.

You might also like