മത്സരവുമായി മഹാരാഷ്ട്ര സർക്കാർ; കോവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് 50 ലക്ഷം സമ്മാനം, മൈ വില്ലേജ് കൊറോണ ഫ്രീ പദ്ധതി പ്രഖ്യാപിച്ചു

0

 

 

മുംബൈ: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങൾക്കായി മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് സമ്മാനം നൽകുന്നതാണ് പദ്ധതി. കോവിഡ് പടരാതിരിക്കാൻ ചില ഗ്രാമങ്ങൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൈ വില്ലേജ് കൊറോണ ഫ്രീ പദ്ധതി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് കോവിഡ് മുക്തഗ്രാമ മത്സരം നടക്കുന്നതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസൻ മുഷ്റിഫ് പ്രസ്താവനയിൽ പറഞ്ഞു. ഓരോ റവന്യൂ ഡിവിഷനിലും കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകൾക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 50 ലക്ഷവും രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷം രൂപയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായി മൊത്തം 18 സമ്മാനങ്ങൾ നൽകും. ആകെ 5.4 കോടി രൂപയുടെ സമ്മാന തുക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിക്കുന്ന ഗ്രാമങ്ങൾക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. ഇത് ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

മത്സരത്തിൽ പങ്കെടുക്കുന്ന ഗ്രാമങ്ങളെ 22 മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തുമെന്നും മൂല്യനിർണയത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഹസൻ മുഷ്റിഫ് പറഞ്ഞു.

You might also like