മഹാരാഷ്ട്രയില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു

0

മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. മുംബൈയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ധാദ്ഗാവ് എന്ന സ്ഥലത്താണ് അപകടം നടന്നത്. ജില്ലയിലെ ഹില്‍സ്‌റ്റേഷനായ ടോറന്‍മാലില്‍നിന്നും സിന്ധിമല്‍ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ റോഡില്‍നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെട്ട ചിലര്‍ക്ക് പരിക്കേറ്റു. ഇവര്‍ ടോറന്‍മല്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പോലിസ് കണ്‍ട്രോള്‍ റൂം വൃത്തങ്ങള്‍ അറിയിച്ചു. മസാവാദ് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

You might also like