പ്രതിദിന ചിന്ത | ജനമഹാസമുദ്രത്തിന്റെ ഹോശന്നാ ഗാനം

0 0

മത്തായി 21:4 “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ.”

ഒരു കഴുതയുടെ പുറത്തു കയറി യെരുശലേമിൽ പ്രവേശിക്കുന്ന യേശു (21:1-10), യെരുശലേം ദൈവാലയത്തിന്റെ ശുദ്ധീകരണം (21:11-17), യേശു ശപിച്ച അത്തി ഉണങ്ങിപ്പോകുന്നു (21:18-22), യേശുവിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുന്നു (21:23-27), രണ്ടു പുത്രന്മാരുടെ ഉപമ (21:28-32), മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്റെ മകൻ കൊലചെയ്യപ്പെടുന്നതിന്റെ ഉപമ (21:33-44), പ്രമാണികളുടെ കോപം യേശുവിന്റെ നേരെ കഠിനമാകുന്നു (21:45-46) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ഒലിവു മലയുടെ തെക്കുഭാഗത്തു യെരുശലേമിൽ നിന്നും അര മൈൽ മാത്രം ദൂരത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ബേത്ത്ഫാഗ. യേശുവിന്റെ ചരിത്രപരവും പ്രവചനപരവുമായ നിർണ്ണയാക സംഭവത്തിന്റെ അടയാളപ്പെടുത്തലാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരയായ വായനകളിലൊന്ന്. ചരിത്രപ്രസിദ്ധമായ യേശുവിന്റെ യെരുശലേം പ്രവേശനവും ജനത്തിന്റെ ഹോശന്ന എന്ന ആർപ്പാരവങ്ങളും മുഴങ്ങി നിൽക്കുന്ന ആദ്ധ്യായമായി ഇതിനെ കാണുന്നതാണെനിക്കിഷ്ടം! മർക്കോസ് 11:1-11; ലൂക്കോ. 19:28-44 എന്നീ തിരുവെഴുത്തുകളിൽ ഈ സംഭവത്തിന്റെ സമാനമായ അടയാളപ്പെടുത്തൽ വായിക്കുന്നുണ്ട്. പ്രവാചകനായ സെഖര്യാവ് നൂറ്റാണ്ടുകൾക്കു മുമ്പേ പ്രവചിച്ചിരുന്നു (സഖാ. 9:9) ഈ സാഫല്യ നിമിഷങ്ങൾ! താഴ്മയുടെ പര്യായമായി കഴുതയുടെ മേൽ യെരുശലേമിന്റെ വീഥികളിലൂടെ വാഹനമേറി വിജയശ്രീലാളിതനായി യെരുശലേം ദൈവാലയത്തിൽ പ്രവേശിക്കുന്ന യേശുവിന്റെ അസാധാരണമായ ഈ യാത്ര ഒരു നാടിനെയാകെ കോരിത്തരിപ്പിച്ചു. അതിന്റെ തെളിവാണ് കഴുതയുടെമേൽ അവർ വിരിച്ച തങ്ങളുടെ വസ്ത്രങ്ങളും വഴിനീളെ അവർ വിതറിയ മരച്ചില്ലകളും. മാത്രമോ, അവരുടെ കണ്ഠങ്ങൾ ഉച്ചൈസ്തരം ഘോഷിച്ച “ഹോശാന്നാ” ആരവങ്ങളും അതിനുള്ള തെളിവുകൾ തന്നെയല്ലേ! “ഹോശന്ന” എന്ന എബ്രായ പദത്തിന് “ഇപ്പോൾ രക്ഷിക്ക” എന്നാണർത്ഥം. കർത്താവിന്റെ നാമത്തിൽ വന്നവനെ യഹൂദൻ തിരിച്ചറിഞ്ഞ യാത്രയായിരുന്നു കഴുതപ്പുറത്തേറിയുള്ള യേശുവിന്റെ യാത്ര. നഗരം മുഴുവനും ഇളകി പട്ടണം നിറഞ്ഞൊഴുകിയ ജനമഹാസമുദ്രം ഒന്നടങ്കം ആ ഗാനത്തിന്റെ ഈരടികൾ ഏറ്റുചൊല്ലി; സർവ്വം മറന്നുള്ള ആ ഗാനാലാപനം വെറും സംഗീതത്തിന്റെ ആസ്വാദനം എന്നതിലുപരി ദൈവപുത്രനെ തിരിച്ചറിഞ്ഞുള്ള ഒരു സമൂഹത്തിന്റെ ഏറ്റുപറച്ചിൽ തന്നെയായിരുന്നു!

പ്രിയരേ, യഹൂദന്റെ തിരിച്ചറിവും ഏറ്റുപറച്ചിലും മുഴങ്ങിയ യെരുശലേമിന്റെ വീഥികൾ ആ ഗാനവീചികളിൽ ആറാടിനിന്നു. സർവ്വം മറന്നുള്ള ജനത്തിന്റെ ഏകകണ്ഠാരവം സംഭവബഹുലമായ ഒരു ആഴ്ചയുടെ അരങ്ങേറ്റം കുറിയ്ക്കൽ ആയിരുന്നു. യേശുവിനെ ഏറ്റുപറയുന്നതല്ലേ ഒരുവന്റെ ജീവിതം ധന്യമാക്കുന്നതു. അതിന്റെ പ്രഖ്യാപനവും ഗാനവീചികളും മാഞ്ഞുപോകാത്ത ആത്മീക അനുഭവങ്ങളുടെ കലവറ തന്നെ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like
WP2Social Auto Publish Powered By : XYZScripts.com