മുല്ലപ്പെരിയാർ ഡാം
(അടുത്ത കിറ്റിനുള്ള ചുണ്ണാമ്പ് സൗധം അഥവാ 40 ലക്ഷം മനുഷ്യജീവനുകളുടെ പേടിസ്വപ്നം.) -By Prince Nilambur

0

അറബി കടലിന്റെ തീരത്തു ഒരു വഞ്ചി അടുപ്പിച്ചിട്ടത് പോലെ കിടക്കുന്ന കേരളം എന്ന സംസ്ഥാനം കഴിഞ്ഞ ചില വർഷങ്ങൾ കൊണ്ട് ഒരു ഹൊറർ ഹൗസ് പ്രതീതിയിൽ ആണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സുനാമി, ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, കൊറോണ, തീവ്രവാദറിക്രൂട്ട്മെന്റ്, കഞ്ചാവ്, ആൾദൈവതട്ടിപ്പുകൾ, പുരാവസ്തു തട്ടിപ്പ്, സോളാർ തട്ടിപ്പ്, MLM തട്ടിപ്പുകൾ, സ്വർണ്ണ തട്ടിപ്പ്, പീഡന പരമ്പരകൾ, ഭൂമാഫിയ, ബാങ്ക് കവർച്ച, രാഷ്ട്രീയ കുലപാതകങ്ങൾ, വിദ്യാർത്ഥി രാഷ്ട്രീയ കുലപാതകങ്ങൾ, കുഞ്ഞുങ്ങളെ വിൽക്കൽ, കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോകൽ, അഴിമതി, ഭൂമി കയ്യേറ്റം അങ്ങനെ ഓരോ ദിവസത്തേയും വാർത്തകൾ കൊണ്ട് തൃശ്ശൂർ പൂരം പ്രതീതിയിൽ കുതിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. ഇത്രയെല്ലാം കണ്ടും കേട്ടും വന്നു വന്നു കേരളത്തിനു ദുരന്തങ്ങളോട് ഒരു വല്ലാത്ത സൗഹൃദം തന്നെ ഉണ്ടെന്നു തോന്നിപ്പോകുന്നു. ഇതിന്റെയെല്ലാം തുടർച്ചയെന്നോണം ഇനിയും കേരളത്തിന്റെ മേൽ ഇരുണ്ടു കൂടിയ മരണനിഴൽ കൂടിയാണ് ഇന്ന് മുല്ലപ്പെരിയാർ ആശങ്ക. കേരളം കാത്തിരിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തം ആയിരിക്കും മുല്ലപ്പെരിയാർ. അപ്പോൾ ഒന്നാമത്തെ ദുരന്തം എന്തായിരിക്കും എന്നൊരു ചോദ്യം മനസ്സിൽ ഉണ്ടല്ലേ.. അതാണ്‌ നമ്മുടെ രാഷ്ട്രീയക്കാർ. വാസ്തവത്തിൽ ദുരന്തം ഇല്ലാതെ ജീവിക്കാൻ അറിയാത്തവരായോ നാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ ദുരന്തവും ഓരോ ഫണ്ട്‌ റൈസിങ് സോഴ്‌സുകൾ ആയി മാറുന്നില്ലേ എന്ന് ന്യായമായി ചോദിക്കാം. ദുരന്തങ്ങൾ ഉണ്ടായ ശേഷം കിറ്റ് കൊടുക്കുന്നത് മാത്രമല്ല സാമൂഹിക ധർമ്മം. പിന്നെയോ ദുരന്തങ്ങൾ ഉണ്ടാകും മുമ്പ് സംരക്ഷണം ഒരുക്കുക എന്നതാണ് സാമൂഹിക നിലനിൽപ്പിന്റെ ശരിയായ ചുവടുകൾ. പക്ഷെ ഇന്നത്തെ മുല്ലപ്പെരിയാർ ഡാം നമുക്ക് വരാനിരിക്കുന്ന കിറ്റ് പദ്ധതികൾക്ക് വേണ്ടിയുള്ള ചുണ്ണാമ്പ് സൗധം മാത്രമാണ്. അതിന്റെ ഏറ്റവും വലിയ തെളിവ്, ഈ വിഷയത്തിൽ നാളിതുവരെ നൂറു കണക്കിന് ആളുകൾ നടത്തിയ പ്രതികരണങ്ങളും എഴുത്തുകളും വീഡിയോകളും വിവരണങ്ങളും കോടതിയിൽ പോലും വേണ്ടത്ര ഗൗരവത്തിൽ വിവരം ധരിപ്പിക്കാൻ നാടിന്റെ നേതാക്കളെ സ്പർശിച്ചിട്ടില്ല എന്നതാണ്. വെള്ളപ്പൊക്കവും കൊറോണയും വന്നപ്പോൾ റോഡിലും തൊടിയിലും വാഹനങ്ങളിലും വള്ളങ്ങളിലും വീടുകളിലും ക്യാമ്പുകളിലും നിന്ന് കിറ്റ് കൊണ്ടും കിറ്റിനു വേണ്ടിയും കൈ നീട്ടാൻ കുറെ പേര് ബാക്കി ഉണ്ടായിരുന്നു. എന്നാൽ മുല്ലപ്പെരിയാർ ഡാം തകർന്നു ഒരു അപകടം കേരളം നേരിട്ടാൽ കിറ്റ് വാങ്ങാൻ അപകട മേഖലകളിൽ ആരും ശേഷിപ്പുണ്ടാകയില്ല. എന്നാലും അതിന്റെ പേരിൽ പിരിവും തെണ്ടലും ഉറപ്പായും നടന്നിരിക്കും. പ്രസ്തുത ഡാം അഥവാ തകർന്നാൽ നമ്മുടെ നാട് ഇന്ന് കാണുന്ന അവസ്ഥയിൽ നിന്ന് ഏറെ രൂപമാറ്റം സംഭവിക്കും, ശരിക്ക് പറഞ്ഞാൽ കേരളത്തിന്റെ ഒരു ഭാഗം ഉപദ്വീപ് പോലെ ഒറ്റപ്പെടും, അതിന്റെ അതിരുകളിൽ ശവങ്ങൾ കെട്ടി കിടക്കും. ഇന്ന് ഒരു ഉരുൾ പൊട്ടിയാൽ ബോഡികൾ തിരയാൻ നിൽക്കാൻ ഒരിടം ഉണ്ടല്ലോ, എന്നാൽ മുല്ലപ്പെരിയാർ തകർന്നാൽ അഞ്ചു ജില്ലകളിൽ മിക്കതും അറബിക്കടലിൽ ലയിച്ചിരിക്കും. മുല്ലപ്പെരിയാർ തകർന്നാൽ നഷ്ടം ഇന്ന് ഈ ഡാം പുതുക്കി പണിയുന്നതിന് തടസ്സം നിൽക്കുന്ന തമിഴ്നാടിനു കൂടിയാണ്, ഒരിടത്തു വെള്ളം കുടിച്ചു കുറെ ചാകുമ്പോൾ, അവിടെ കുറെയെണ്ണം വെള്ളം കുടിക്കാൻ ഇല്ലാതെ ചാകും. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന പല ബാങ്കുകളും ശതകോടികളുടെ നഷ്ടം ഏറ്റുവാങ്ങും, കൊച്ചി എയർപോർട്ടു തുടങ്ങി ഹൈക്കോടതി സമുച്ചയം വരെ ചേറിലും ചെളിയിലും മറയും. റോഡുകളും റെയിലും മെട്രോയും സ്‌കൂളുകളും കോളേജുകളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളും സഹിതം കേരളത്തിൽ ഏകദേശം മൂന്നിൽ ഒന്നെങ്കിലും പൊതുവക വെള്ളത്തിൽ ആകും. ഇതിനൊക്കെ കരം അടച്ചവർ സഹിതം ഏകദേശം 40 ലക്ഷം മനുഷ്യജീവനുകൾ ഞാണിൽ തൂങ്ങും. ലക്ഷക്കണക്കിന് മൃഗങ്ങൾ ചത്തൊടുങ്ങും. ഒരു തെരുവ് പട്ടിയെ കല്ലെറിഞ്ഞാൽ കൊടിയും കുന്തവുമായി വരുന്ന ഒരൊറ്റ ഒരുത്തനും ഒരുത്തിക്കും ഒരു സംസ്ഥാനത്തിന്റെ അഞ്ചു ജില്ലകളിൽ ചിലത് പൂർണ്ണമായും ചിലത് ഭാഗികമായും ശവപ്പറമ്പാകുന്ന വിഷയത്തിൽ മിണ്ടാട്ടം ഇല്ല. ഇതൊന്നും നമ്മുടെ ദുരന്ത നേതാക്കൾക്കു വിഷയവും അല്ല. ഏകദേശം 125 കൊല്ലം മുൻപ്, അതായത് ഇന്നത്തെ ഇന്ത്യ രൂപീകരിക്കപ്പെടുന്നതിനും 50 വർഷം മുൻപ് ഉള്ള വൈദേശിക കരാറിന്റെ പേരിൽ കണ്ണു പൊത്തി കളിക്കുകയാണ് ഉറക്കം നടിക്കുന്ന നേതാക്കൾ. ഡാമിന്റെയും, ജനങ്ങളുടെയും നിജസ്ഥിതി സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തിയാൽ, കോടതി ഇടപെട്ടു ഡാം പുതുക്കി പണിയാൻ സാഹചര്യം ഉണ്ടായാൽ ഇപ്പൊ കൈ നനയാതെ മീൻ പിടിക്കുന്നവർക്ക് കൃഷി മോശമായാലോ ❓️ മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് തന്നെ വന്നിരുന്നു. അണക്കെട്ട് ഭൂചലന സാധ്യതാ

മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നവർ ചൂണ്ടിക്കാട്ടി. P1979ലും 2011ലുമുണ്ടായ
ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ
വിള്ളലുകളുണ്ടായിട്ടുണ്ട്. ഇതൊന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റി പറയാതെ ഞങ്ങൾക്കറിയാം എന്ന് നമ്മളും. ചുണ്ണാമ്പ് കൊണ്ട് ഉണ്ടാക്കിയ ഡാം ഇന്നും നിൽക്കുന്നു, അഡ്വാൻസ് ടെക്നോളജിയും കരുത്തിന്റെ പ്രതീകങ്ങൾ ആയ സിമന്റും കമ്പിയും ഉപയോഗിച്ച് പണിത പാലാരിവട്ടം ഓവർ ബ്രിഡ്ജ് ഓരോ വണ്ടിയുടെയും പിന്നാലെ പൊടി പറത്തിക്കൊണ്ട് പോകുകയും ചെയ്യുമ്പോൾ ഡീ-ക്കമ്മീഷനും പുതുക്കി പണിയലും ചിന്തിക്കാൻ പോലും പറ്റാത്ത വേണ്ടത്ര വിദ്യാഭാസമില്ലാതെ കൊടി പിടുത്തവും കൊണ്ട് മന്ത്രിമാരായവരെ കുറ്റം പറയാനും കഴിയില്ല. അത് മാറിവരുന്ന ഏതു സർക്കാരിന്റെയും കാര്യത്തിൽ ഒരുപോലെ തന്നെ. ആർജ്ജവം ഉള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും എന്നെങ്കിലും ഉണ്ടാകുക, അവർ ഇടപെട്ട് 40 ലക്ഷം ജനങ്ങളുടെ ഭീതി ഒഴിവാക്കുക എന്നത് വിവേകാനന്ദൻ ചൂണ്ടിക്കാണിച്ച ഭ്രാന്താലയത്തിനു സംഭവ്യമാകേണമെങ്കിൽ രാഷ്ട്രീയക്കാരെ മാത്രം ഹനിക്കുന്ന കൊറോണയോ, സുനാമിയോ, വെള്ളപ്പൊക്കമോ ഒക്കെ സമ്പൂർണ്ണ സാച്ചര കേരളത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

അഥവാ ഉണ്ടായില്ലെങ്കിൽ, ഡാം തകർന്നാൽ ഉടൻ വരും ഹെലികോപ്റ്ററുകളിൽ നേതാക്കൾ, ദുരന്തഭൂമിയുടെ മുകളിൽ നിന്നു സെൽഫിയെടുക്കാൻ. അവ ഇപയോഗിച്ച് ഇന്റർനാഷണൽ തെണ്ടൽ നടത്താൻ. അതല്ല, ഈ സമൂഹത്തോട്, സംസ്ഥാനത്തോട് അല്പമെങ്കിലും നീതിയും കടപ്പാടും ശേഷിക്കുന്ന ഒരാളെങ്കിലും നിയമത്തിന്റെ കാവൽക്കാരിൽ ശേഷിക്കുന്നു എങ്കിൽ, ഇടപടലുകൾ കഴിയാവുന്നത്ര നടത്തുക, പൊളിച്ചു മാറ്റണം മുല്ലപ്പെരിയാർ ഡാം എന്ന സംസ്ഥാനഭീഷണി.

You might also like